വെൺപാലവട്ടത്ത് സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്ക് - കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
Published : Mar 4, 2024, 7:19 PM IST
തിരുവനന്തപുരം : വെൺപാലവട്ടത്ത് സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശികളായ പിന്‍റോ (30), അഫ്‌തഫ് (40) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
കുമാരപുരത്ത് നിന്നും കിംസ് ആശുപത്രിയിലേക്കുള്ള പൂന്തി റോഡിൽ ഇടത്തറ ഭാഗത്ത് 50 അടി താഴ്‌ചയുള്ള വാട്ടർ അതോറിറ്റിയുടെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലാണ് അപകടം. ഹിറ്റാച്ചി കുഴിയിലിറക്കി പണി ചെയ്‌ത് വരികയായിരുന്നു. ഹിറ്റാച്ചിയുടെ ഡ്രൈവറും സഹായിയുമാണ് അപകടത്തിൽപ്പെട്ടത്.
കുഴിയിലേക്ക് ഇറങ്ങാനും കയറാനുമായി ലിഫ്റ്റിന് സമാനമായ താത്കാലിക സംവിധാനം സ്ഥലത്ത് സജ്ജീകരിച്ചിരുന്നു. ഇതു പൊട്ടി വീണാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടൻ ഒപ്പമുള്ളവർ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചാക്ക ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുകളിൽ നിന്നും വീണതിന്‍റെ ആഘാതത്തിൽ പിന്‍റോയുടെ തലയിൽ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. വീഴ്‌ചയ്ക്ക് ശേഷം നിലത്ത് തളർന്ന് കിടന്ന അഫ്‌തഫിനെ ഏറെ പണിപ്പെട്ടാണ് ഫയർ ഫോഴ്‌സ് സംഘം മുകളിലെത്തിച്ചത്.
നിലവിൽ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read : രാഷ്ട്രീയ പ്രവർത്തകർ ഭാഷയിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം ; പി സി ജോർജിന് കെ സുരേന്ദ്രന്‍റെ താക്കീത്