'തൃശൂരിൽ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍' : തിരുത്തി ടിഎൻ പ്രതാപൻ - ലോക്‌സഭാ തെരഞ്ഞെടുപ്പ് തൃശൂർ
Published : Jan 25, 2024, 7:54 AM IST
തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് തിരുത്തി പറഞ്ഞ് ടി എൻ പ്രതാപൻ എംപി (TN Prathapan MP on Election). തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. ബിജെപിയുടെ മുഖ്യ ശത്രുവായ തനിക്ക് നല്ല കമ്മ്യൂണിസ്റ്റുകാരും വോട്ട് ചെയ്യുമെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിജെപിയുമായാണ് ഇവിടെ കോൺഗ്രസിന്‍റെ മത്സരമെന്ന് ടി എൻ പ്രതാപൻ പറഞ്ഞിരുന്നു. എന്നാൽ ആ പ്രസ്‌താവന തൃശൂർ ഡി സി സി പ്രസിഡന്‍റ് ജോസ് വള്ളൂർ തിരുത്തി. തൃശൂരിൽ എൽഡിഎഫും, യുഡിഎഫും തമ്മിലാണ് മത്സരമെന്ന് ജോസ് വള്ളൂർ വ്യക്തമാക്കി. അത്തരത്തില്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ് ടി എൻ പ്രതാപനും. 'പ്രധാനമന്ത്രി വന്നുപോയെങ്കിലും സുരേഷ് ഗോപി ജയിക്കില്ല. ബിജെപി മൂന്നാം സ്ഥാനത്താകും. തൃശൂരില്‍ 39% വോട്ട് യുഡിഎഫിനാണ്, രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫിന് 31% ആണ്, ശബരിമല വിഷയം ആളിക്കത്തിച്ചത് കൊണ്ടാണ് കഴിഞ്ഞ തവണ 28% വോട്ട് ബിജെപിക്ക് ലഭിച്ചത്. പാർലമെന്‍റിൽ ഏറ്റവുമധികം തവണ സസ്‌പെൻഷൻ കിട്ടിയ എംപി ഞാനാണ്. പാർലമെന്‍റിലെ ബിജെപിയുടെ പ്രധാന ശത്രുവും ഞാനാണ്' - ടി എൻ പ്രതാപൻ പറഞ്ഞു.