കുട്ടിയ്‌ക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥിയ്ക്ക് വീടൊരുക്കി അധ്യാപക കൂട്ടായ്‌മ
Published : Jan 28, 2024, 4:20 PM IST
ഇടുക്കി: വിദ്യാര്‍ത്ഥിയ്ക്ക് വീടൊരുക്കി അധ്യാപക കൂട്ടായ്‌മ. നെടുങ്കണ്ടം കൂട്ടാറിലാണ്, അധ്യാപക സംഘടനയായ കെ എസ് ടി എയുടെ (Kerala School Teachers Association) ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. സംസ്ഥാന വ്യാപകമായി, കെ എസ് ടി എ നടപ്പിലാക്കുന്ന കുട്ടിയ്‌ക്കൊരു വീട് പദ്ധതിയുടെ ഭാഗമായാണ് കൂട്ടാറിലും വീട് നിര്‍മ്മിച്ചത്. കെ എസ് ടി എ 31-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചാണ്, സംസ്ഥാനത്തെ മുഴുവന്‍ ഉപ ജില്ലകളിലും ഓരോ വീട് വീതം നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്നു. സംഘടനയുടെ നേതൃത്വത്തില്‍ കണ്ടെത്തുന്ന അര്‍ഹരായ കുട്ടികള്‍ക്കായാണ് വീടൊരുക്കുന്നത്. ഇതിനകം തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങില്‍ നിരവധി വീടുകള്‍ കെ എസ് ടി എ നിര്‍മ്മിച്ചു. ഇടുക്കി ജില്ലയില്‍ അടിമാലി, പീരുമേട്, തൊടുപുഴ സബ് ജില്ലകളിലെ പദ്ധതി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. നെടുങ്കണ്ടം സബ് ജില്ലയില്‍ ഉള്‍പ്പെടുന്ന, കല്ലാര്‍ ഗവ ഹയര്‍ സെക്കന്‍ററി സ്‌കൂളിലും കൂട്ടാര്‍ എസ്എന്‍എല്‍പി സ്‌കൂളിലും പഠിയ്ക്കുന്ന സഹോദരങ്ങള്‍ക്കായാണ് വീട് ഒരുക്കിയത്. താക്കോല്‍ ദാനം ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി നിര്‍വ്വഹിച്ചു.