സ്‌കൂളില്‍ നിന്ന് അരി കടത്തുന്ന ദൃശ്യങ്ങൾ; അധ്യാപകരുടെ അറിവോടെയെന്ന് ആരോപണം - ഉച്ചക്കഞ്ഞിക്കായുളള അരി കടത്തി
Published : Jan 20, 2024, 6:10 PM IST
മലപ്പുറം: സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ അനുവദിച്ച അരി കടത്തിയെന്ന് ആരോപണം. അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് തുടരുകയാണെന്നും പിന്നിൽ സ്‌കൂളിലെ അധ്യാപകരാണെന്നുമാണ് ആരോപണം. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തില്‍ കടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയെന്ന് പഞ്ചായത്തംഗം ഹുസൈൻ ബാബു പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്‌കൂളിൽ വിതരണം ചെയ്യുന്നില്ലെന്നും ഇതും പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ചും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും ഹുസൈൻ ബാബു പറഞ്ഞു. അതേസമയം സ്‌കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. ആരോപണം വാസ്‌തവ വിരുദ്ധമാണെന്നും പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സ്‌കൂളിലെ അരിക്കണക്കുകൾ കൃത്യമെന്നും മുട്ടയും പാലും സ്‌കൂളിൽ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. അരി കടത്തിയെന്ന ആരോപണത്തില്‍ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും പിടിഎ പ്രസിഡന്‍റ് അറിയിച്ചു.