'അത്ഭുതങ്ങള്‍ സംഭവിക്കണേ' എന്ന പ്രാര്‍ഥനയില്‍ കേരളം; നാലാം നാളും തെരച്ചില്‍ ഊര്‍ജിതം - Search for the missing in Mundakkai
Published : Aug 2, 2024, 12:43 PM IST
വയനാട് : മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും തുടരുകയാണ്. ഇനി മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമമായിരിക്കും നടക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണേ എന്നാണ് ഓരോ മലയാളിയുടെയും പ്രാര്‍ഥന. പ്രാര്‍ഥകള്‍ക്ക് നേരിയ പ്രത്യാശ നല്‍കിക്കൊണ്ട് ദുരന്തമുഖത്ത് നിന്ന് 4 പേരെ ജീവനോടെ രക്ഷിക്കുകയും ചെയ്‌തു. പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ തെരച്ചിലിലാണ് ഒരു വീട്ടില്‍ നാല് പേരെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്‌ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് രക്ഷപെടുത്തിയത്. സ്‌ത്രീയുടെ കാലിന് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ദുരന്തമുഖത്ത് കാണാതായവരെ തെരയാന്‍ വിവിധ രീതികള്‍ അധികൃതര്‍ അവലംബിക്കുന്നുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിച്ച് സൈബർ സെൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ ദുരന്ത സമയത്ത് ഉണ്ടായിരുന്ന അവസാന ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെട്ടവരുമായും മരിച്ചവരുമായും ലിസ്റ്റ് ഒത്ത് നോക്കും. അതിലും ഇല്ലെങ്കിൽ മണ്ണിനടിയിൽ അകപ്പെട്ടവരുടെ പട്ടികയിലേക്ക് ചേർക്കപ്പെടും. കൂടാതെ, റേഷൻ കാർഡിലെ പേര് വിവരങ്ങൾക്ക് അനുസരിച്ച് കണക്ക് തിട്ടപ്പെടുത്തുന്ന രീതിയും പുരോഗമിക്കുന്നുണ്ട്. ക്യാമ്പിലുള്ളവരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് കഴിയുന്നതോടെ ഇതില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.