കേരളം

kerala

ETV Bharat / videos

അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയരുമ്പോഴും കേരളത്തിന് പ്രയോജനമില്ല; വില ഏകീകരിക്കണമെന്ന് കർഷകർ

By ETV Bharat Kerala Team

Published : Jan 22, 2024, 10:42 PM IST

കോട്ടയം: റബർ വില ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ റബർ കർഷകർ. അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയരുമ്പോൾ കേരളത്തിലെ കർഷകർക്ക് പ്രയോജനം കിട്ടുന്നില്ല. കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബറിന് രണ്ടു വിലയാണ് റബർ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ റബർ വില വർധിക്കുമ്പോഴും സംസ്ഥാനത്ത് വില ഏകീകരിക്കാത്തതിനാൽ തങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കേരളത്തിലെ കർഷകർ പറയുന്നുന്നത്. അന്താരാഷ്ട്ര വില വർധനയ്ക്ക് അനുപാതികമായ വർദ്ധനവ് മുൻകാലങ്ങളിൽ ഇന്ത്യയിലും ഉണ്ടായിരുന്നു. എന്നാൽ നിലവിലെ ഇന്ത്യൻ വിപണിയിൽ ഇത്തരത്തിൽ വില വർധനവ് ഉണ്ടാകുന്നില്ല. റബർ ബോർഡിന്‍റെ വില നിർണയ നിലപാടുകളാണ് കർഷകർക്ക് തിരിച്ചടിയായിട്ടുള്ളത്. കേരളത്തിൽ ഒരു കിലോ റബറിന് 160 രൂപയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കിലോയ്‌ക്ക് 154 രൂപയും ആണ് വില. വിലക്കുറവുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോയി ടയർ കമ്പനികൾ വൻതോതിൽ റബ്ബർ വാങ്ങിക്കൂട്ടുകയാണ്. ഇത് കേരളത്തിലെ റബ്ബർ വിപണിയിൽ വലിയ ഇടിവും ആഘാതവുമാണ് ഉണ്ടാക്കുന്നത്. നിലവിൽ റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയേക്കാൾ അഞ്ചുരൂപ കുറച്ചാണ് കർഷകർക്ക് വില ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ റബ്ബറിന്‍റെ വില ഏകീകരിക്കാൻ റബർ ബോർഡ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് ആശ്വാസമായ റബ്ബർ വിലസ്ഥിരത പദ്ധതിയും ഇപ്പോൾ പ്രതിസന്ധിയിലാണ്. ബില്ലുകൾ അപ്‌ലോഡ്  ചെയ്യാനുള്ള വെബ്സൈറ്റ് നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടി ഉണ്ടാകാത്തത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യയിലെ റബർ വില ഏകീകരിക്കാനും റബർ ബോർഡ് തയാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർഷക കോൺഗ്രസ് അറിയിച്ചു. 

ABOUT THE AUTHOR

...view details