പ്രധാനമന്ത്രി നരേന്ദ്രമോദി വിഎസ്എസ്‌സിയില്‍ ; തത്സമയം - PM KERALA
Published : Feb 27, 2024, 11:44 AM IST
തിരുവനന്തപുരം : മനുഷ്യനെ വഹിക്കുന്ന ബഹിരാകാശ പേടകമെന്ന ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാനിലെ ബഹിരാകാശ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി ഗഗന്‍യാന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷമാകും ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിക്കുക (PM To Reveal Gaganyaan Astronaut's Names).ഉദ്ഘാടന ചടങ്ങിന് ശേഷം ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിക്കുക. നാല് പേരുകളാകും ഇതില്‍ ഉള്‍പ്പെടുക. നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. ഇതില്‍ ഒരാള്‍ മലയാളിയാണ്. ഗഗന്‍യാന്‍ പദ്ധതിക്കായുള്ള യാത്രികരെ 3 വര്‍ഷം മുൻപ് തന്നെ തെരഞ്ഞെടുത്തിരുന്നുവെങ്കിലും പേരുകള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടിരുന്നില്ല.തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികള്‍ക്ക് അസ്‌ട്രോനട്ട് ബാഡ്‌ജുകളും ഇന്ന് പ്രധാനമന്ത്രി സമ്മാനിക്കും. വിഎസ്‌എസ്‌സിയില്‍ സജ്ജീകരിച്ച പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ സെമി ക്രയോജനിക് ഇന്‍റഗ്രേറ്റഡ് എഞ്ചിന്‍ ആന്‍ഡ് സ്‌റ്റേജ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പിഎസ്എല്‍വി ഇന്‍റഗ്രേഷന്‍ ഫെസിലിറ്റി എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്