പള്ളി തർക്കത്തിൽ മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്‌സ് സഭ; നിഷ്‌പക്ഷത പാലിക്കണമെന്ന് കോട്ടയം ഭദ്രാസനാധിപൻ
Published : Feb 5, 2024, 7:58 PM IST
കോട്ടയം: പള്ളി തർക്കത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ രംഗത്ത്. തർക്കം നിൽക്കുന്ന സമയത്ത് ഒരു വിഭാഗത്തിന് മാത്രം പിന്തുണ നൽകുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ല. ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രിക്ക് ചേർന്നതല്ല മുഖ്യമന്ത്രി ചെയ്‌തത്. കോടതി വിധിക്ക് കുഴപ്പം ഉണ്ട് എന്ന് മുഖ്യമന്ത്രി വിളിച്ചു പറഞ്ഞത് കോടതിയോട് ഉള്ള വെല്ലുവിളിയാണെന്നും കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി. നിഷ്‌പക്ഷത പാലിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സുറിയാനി സഭകളുടെ പരമ മേലധ്യക്ഷനും അന്ത്യോഖ്യാ പാത്രിയാർക്കീസുമായ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുടെ കേരള സന്ദർശനത്തെയും ഓർത്തഡോക്‌സ് സഭ വിമർശിച്ചു. പ്രോട്ടോകോൾ ലഘിച്ചാണ് പാത്രിയാർക്കീസ് ബാവയുടെ സന്ദർശനമെന്ന് സഭ ചൂണ്ടിക്കാട്ടി. പുതിയ നിയമ നിർമാണം വേണം എന്നാണ് പാത്രീയാർക്കീസ് ബാവ പ്രഖ്യാപിച്ചത്. കോടതി വിധിക്ക് എതിരായ വെല്ലുവിളി ആണ് ബാവ നടത്തിയത്. പ്രശ്‌നം സൃഷ്‌ടിക്കാം എന്ന് കരുതുന്നത് നല്ലതല്ല. സഭയുടെ നിയമം പാലിക്കാൻ ബാവയ്‌ക്ക്ക്ക ബാധ്യത ഉണ്ട് എന്നും യൂഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി.