ദേശീയ സമ്മതിദായക ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ടൊവിനോ തോമസ്
Published : Jan 25, 2024, 7:09 PM IST
എറണാകുളം: ദേശീയ സമ്മതിദായക ദിനാചരണത്തിൻ്റെ (National voters day) സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് നടനും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്‍റെ സ്വീപ്പ് ഐക്കണുമായ ടൊവിനോ തോമസ് (Tovino Thomas). രാജ്യത്തുള്ള എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തുന്നതാണ് ജനാധിപത്യ സംവിധാനത്തിലുള്ള വോട്ടവകാശമെന്ന് തൃക്കാക്കര ഭാരത മാതാ കോളജില്‍ നടന്ന ചടങ്ങിൽ ടൊവിനോ പറഞ്ഞു. വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം യുവാക്കളിലേക്ക് പകര്‍ന്ന നടന്‍ രാജ്യത്തോട് ചെയ്യുന്ന നമ്മുടെ കടമയായാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതെന്നും വ്യക്തമാക്കി. 18 വയസ് മുതൽ എല്ലാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്‌തിട്ടുണ്ടെന്നും താരം പറഞ്ഞു. താൻ വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളത്. നമ്മളെ നയിക്കേണ്ടവരെ നാം തെരെഞ്ഞെടുക്കുന്നത് നമുക്ക് വേണ്ടി തന്നെയാണ്. നമ്മുടെ തലമുറകൾ സുരക്ഷിതമായും തുല്യതയോടെയും ഇവിടെ കഴിയാൻ വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്നും ടൊവിനോ പറഞ്ഞു. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്ക് സമ്മതിദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ കളക്‌ടർ എൻ എസ് കെ ഉമേഷ് പരിപാടിയിൽ പങ്കെടുത്തു. ദിനാചരണത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.