സ്‌മാർട്ടാണ് കെ സ്‌മാർട്ട്, 23 ദിവസത്തിനുള്ളിൽ കൈകാര്യം ചെയ്‌തത് 71554 ഫയലുകൾ - Minister M B Rajesh
Published : Jan 24, 2024, 9:02 PM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ കെ സ്‌മാർട്ട് പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും, 23 ദിവസത്തിനകം 71554 ഫയലുകൾ കൈകാര്യം ചെയ്‌തുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു(Minister M B Rajesh says K Smart project gets huge acceptance). 24 മണിക്കൂറിനകം കെ സ്‌മാർട്ട് വഴി തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 20166 ആണ്. കേരളത്തിന് പുറത്തും കെ സ്‌മാർട്ടിന് സ്വീകാര്യത ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. യുപി, പഞ്ചാബ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കെ സ്‌മാർട്ട് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ആലോചനയുമായി സമീപിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്യൻ യൂണിയൻ പ്രതിനിധിയും സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഓൺലൈൻ സേവനങ്ങൾ രാജ്യമാകെ ലഭ്യമാക്കുന്ന ഏജൻസികളിൽ ഒന്നായി കെ സ്‌മാർട്ടിനെ വികസിപ്പിച്ച ഇൻഫോർമേഷൻ നോളജ് മിഷനെ തിരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നടപ്പിലാക്കിയ വീഡിയോ കെ വൈ സി വഴി 516 വിവാഹങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏപ്രിൽ 1 മുതലാണ് ഗ്രാമപഞ്ചായത്തുകളിലേക്ക് കെ സ്‌മാർട്ട് എത്തുകയെന്നും മന്ത്രി അറിയിച്ചു.