വളർത്തു നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തിയ സംഭവം; നിയമ നടപടിയ്ക്കൊരുങ്ങി ജില്ല അനിമൽ റെസ്ക്യു ടീം - വളർത്തു നായയെ കൊലപ്പെടുത്തി
Published : Feb 25, 2024, 12:07 PM IST
ഇടുക്കി : വളർത്തു നായയെ പാറയിൽ അടിച്ചു കൊലപെടുത്തിയ സംഭവത്തിൽ നിയമ നടപടിയ്ക്കൊരുങ്ങി ജില്ല അനിമൽ റെസ്ക്യു ടീം. പ്രതിയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് ചുമത്താത്ത പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അനിമൽ റെസ്ക്യു ടീം (Accused Killed Relatives Dog By Hitting It On A Rock). കഴിഞ്ഞ ദിവസമാണ് നെടുംകണ്ടം സന്യാസിയോട സ്വദേശിയായ രാജേഷ് ബന്ധു വീട്ടിലെ വളർത്തു നായയെ കൊലപെടുത്തിയത്. സ്വത്ത് സംബന്ധമായ തർക്കത്തിനൊടുവിലാണ് രാജേഷ് സഹോദരിയുടെ വീട്ടിലെ നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തിയത്. നായ കുരച്ചതായിരുന്നു പ്രകോപനത്തിനു കാരണമായത്. വളർത്തു മൃഗത്തെ അതി ക്രൂരമായി കൊലപ്പെടുത്തിയിട്ടും വയോധികയായ സ്ത്രീയെ ഉൾപ്പെടെ മർദിച്ചിട്ടും പ്രതിയ്‌ക്കെതിരെ പൊലീസ് മതിയായ വകുപ്പുകൾ ചുമത്തി കേസെടുത്തില്ലെന്നാണ് അനിമൽ റസ്ക്യു ടീമിന്‍റെ ആരോപണം. ഇതിനെ തുടർന്ന് അനിമൽ ക്രുവൽറ്റി ആക്‌ട് പ്രകാരം അനിമൽ വെൽഫെയർ ബോർഡിലും പൊലീസിലും പരാതി നൽകും. പ്രതിയ്‌ക്ക് അനുകൂല നിലപാടെടുത്ത പൊലീസിനെതിരെയും പരാതി നൽകും. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് അനിമൽ റസ്ക്യു ടീം തീരുമാനിച്ചിരിക്കുന്നത്.