കേരളം

kerala

ETV Bharat / videos

മാനേജ്മെന്‍റ് വാദം തെറ്റ്, ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിക്ക് നഷ്‌ടമുണ്ടാക്കും; ലാഭം സ്വിഫ്‌റ്റ് കമ്പനിക്ക്: എം വിന്‍സെന്‍റ് - ഇലക്ട്രിക് ബസ്

By ETV Bharat Kerala Team

Published : Jan 28, 2024, 7:38 PM IST

Updated : Jan 28, 2024, 8:18 PM IST

തിരുവനന്തപുരം: ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ വാദം ശരിവെച്ച് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന ടിഡിഎഫ്. കെഎസ്ആർടിസി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ, 50 ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന മാനേജ്മെന്‍റ് വാദം തെറ്റാണെന്നും സംഘടന ആരോപിച്ചു. ഒരു ഇലക്ട്രിക് ബസിന് 94 ലക്ഷം രൂപ വില വരും. 15 വർഷം കൊണ്ട് പണം തിരിച്ചടയ്ക്കുമ്പോൾ ഒരു ബസിന് 1.34 കോടി രൂപയാകും. 15 വർഷത്തിനിടെ ബാറ്ററി മാറ്റാൻ മാത്രം, 95 ലക്ഷം രൂപ ചെലവ് വരും. നിലവിലെ മാനേജ്മെന്‍റിന്‍റെ കണക്കനുസരിച്ച്, ഒരു ബസിന്‍റെ ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്. 4,753 രൂപയാണ് ചെലവ്. ബസിന്‍റെ തിരിച്ചടവും ബാറ്ററി മാറുന്ന ചെലവും മാനേജ്മെന്‍റ് ഉൾപ്പെടുത്തിയിട്ടുമില്ല. കെഎസ്ആർടിസി ആണ് ഈ ചെലവുകൾ വഹിക്കുന്നത്. എന്നാൽ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതോടെ സ്വിഫ്റ്റ് കമ്പനിക്കാണ് ലാഭം പോകുന്നതെന്നും ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് പറഞ്ഞു. ചെലവിന്‍റെ പ്രധാന കാര്യങ്ങൾ മറച്ചുവെക്കുകയാണ് മാനേജ്മെന്‍റ്. 5 വർഷം ഇലക്ട്രിക് ബസ് ഓടിയതിന്‍റെ ചരിത്രം എവിടെയുമില്ലെന്നും, 50 ബസുകൾ വാങ്ങിയതിന്‍റെ രേഖകൾ മാനേജ്മെന്‍റ് പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പുറത്ത് വിടണമെന്നും എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. കോടികളുടെ നഷ്‌ടം വരുന്ന പരിഷ്‌കാരങ്ങളാണ് കെഎസ്ആർടിസിയിൽ നടക്കുന്നത്. തുഗ്ലക് പരിഷ്‌കാരങ്ങളിലൂടെ ഉണ്ടാക്കിയ നഷ്‌ടം എത്രയാണെന്നും, മാനേജ്മെന്‍റ്  ചെയ്‌ത ഈ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് എന്ത് ശിക്ഷയാണ് സർക്കാർ നൽകുകയെന്നും എം വിന്‍സെന്‍റ് ചോദിച്ചു. അംഗീകൃത യൂണിയനുകൾ ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസിയുടെ കണക്കുകൾ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 50 ബസുകൾ പ്രതിവർഷം 5.89 കോടി നഷ്‌ടത്തിലാണ് ഓടിക്കുന്നതെന്നും കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മാനേജ്മെന്‍റിനെ പുറത്താക്കി, ജീവനക്കാർക്ക് ക്യത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകാനുള്ള നടപടികൾ ഗണേഷ് കുമാർ സ്വീരിക്കണമെന്നും എം വിൻസെന്‍റ് ആവശ്യപ്പെട്ടു.

Last Updated : Jan 28, 2024, 8:18 PM IST

ABOUT THE AUTHOR

...view details