എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല - KSRTC BUS CATCHES FIRE IN ERNAKULAM
Published : Oct 28, 2024, 6:06 PM IST
എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ലോ ഫ്ളോർ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ തലനാരിഴയ്‌ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. എറണാകുളത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്നു ബസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചിറ്റൂർ റോഡിൽ ഇയ്യാട്ടുമുക്കിൽ വച്ചാണ് കെഎസ്ആർടിസി ലോഫ്ളോർ ബസിന് തീപിടിച്ചത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൻ്റെ പിൻഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബസ് നിർത്തി. പിന്നീട് യാത്രക്കാരെ അടിയന്തിരമായി ബസ് ജീവനക്കാർ പുറത്തിറക്കുകയായിരുന്നു.
പിന്നീട് ബസിലേക്ക് തീ ആളിപ്പടർന്നു. ഈ സമയം ബസിൽ ഇരുപത്തിയൊന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയ ഉടനെ തന്നെ അതിവേഗം തീ ആളിക്കത്തുകയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചു.
Also Read: ഉറക്കത്തിനിടെ മരണത്തിലേക്ക്; ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, യാത്രക്കാരന്‍ വെന്തുമരിച്ചു