പിലിഭിത് (യുപി): ഗുരുദാസ്‌പൂരിലെ പൊലീസ് പോസ്‌റ്റിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ മൂന്ന് ഖലിസ്ഥാൻ ഭീകരർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ്-പഞ്ചാബ് പൊലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരര്‍ വെടിയേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് എകെ 47, രണ്ട് പിസ്‌റ്റളുകള്‍, വെടിമരുന്നുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. 25 വയസുള്ള ഗുർവീന്ദർ സിങ്, 23 വയസുള്ള വീരേന്ദ്ര സിങ്, 18 വയസുള്ള പ്രതാപ് സിങ് എന്നീ ഖലിസ്ഥാൻ ഭീകരരെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
പുരൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെസെഡ്എഫ്) എന്ന ഭീകരസംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്‌സിലെ ഒരു പോസ്‌റ്റില്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
In a major breakthrough against a #Pak-sponsored Khalistan Zindabad Force(KZF) terror module, a joint operation of UP Police and Punjab Police has led to an encounter with three module members who fired at the police party.
— DGP Punjab Police (@DGPPunjabPolice) December 23, 2024
This terror module is involved in grenade attacks at…
'പഞ്ചാബിന്‍റെ അതിർത്തി പ്രദേശങ്ങളിലെ പൊലീസ് പോസ്‌റ്റില്‍ ഗ്രനേഡ് ആക്രമണം നടത്തിയതില്‍ ഈ ഭീകരസംഘം ഉൾപ്പെടുന്നു. പിലിഭിത്തിയിലെയും പഞ്ചാബിലെയും സംയുക്ത പൊലീസ് സംഘമാണ് വെടിവയ്‌പ്പ് നടത്തിയത്. ഏറ്റുമുട്ടൽ നടന്നത് പിലിഭിത്തിയിലെ പിഎസ് പുരൻപൂർ അധികാരപരിധിയിലാണ്,' എന്ന് ഡിജിപി പോസ്‌റ്റില്‍ കുറിച്ചു.
പുരൻപൂർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് ഭീകരരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും മരണത്തിന് കീഴടങ്ങിയതായി പിലിഭിത്ത് പൊലീസ് സൂപ്രണ്ട് അവിനാഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് സംഘം തിരിച്ചടിച്ചെന്നും എസ്‌പി പറഞ്ഞു.
മോഷ്‌ടിച്ച ബൈക്ക്, രണ്ട് എകെ 47 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, വൻതോതിൽ വെടിമരുന്ന് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി എസ്‌പി വ്യക്തമാക്കി. ഏറ്റുമുട്ടലിൽ രണ്ട് കോൺസ്റ്റബിൾമാരായ സുമിത്, ഷാനവാസ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.