കേരളം

kerala

ETV Bharat / videos

400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 14 കോടി ചെലവ് ; സംസ്ഥാനത്തെ ആദ്യ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു - സിന്തറ്റിക് ട്രാക്ക് ഇടുക്കി

By ETV Bharat Kerala Team

Published : Feb 4, 2024, 3:42 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു (Kerala's First High Altitude Stadium). കായിക താരങ്ങള്‍ക്ക്, ഹൈ ആള്‍ട്ടിറ്റ്യൂഡ് സാഹചര്യത്തില്‍ മികച്ച പരിശീലനം ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങളോടെയാണ്, നെടുങ്കണ്ടം സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത സിന്തറ്റിക് സാമഗ്രികള്‍ ഉപയോഗിച്ച് 13.2 മില്ലിമീറ്റര്‍ കനത്തിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് പത്ത് ലൈനുകളുള്ള നൂറ് മീറ്റര്‍ ട്രാക്കും തുടര്‍ന്ന് എട്ട് ലൈനുകളോട് കൂടിയ ട്രാക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 400, 100 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ക്ക് പുറമെ ഡിസ്‌കസ്‌ ത്രോ, ഹാമര്‍ ത്രോ, ഷോട്ട്‌പുട്ട്, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ്, പോള്‍വോള്‍ട്ട്, സ്റ്റിപ്പിള്‍ ചെയ്‌സിംഗ്, ജാവലിന്‍, ഹൈ ജംപ് തുടങ്ങിയ മത്സരങ്ങളും ഇവിടെ നടത്താം. അന്താരാഷ്ട്ര തലത്തില്‍, അംഗീകരിക്കപ്പെട്ടിരിക്കുന്ന അളവിലാണ് ഫുട്‌ബോള്‍ മൈതാനം ഒരുക്കിയിരിക്കുന്നത്. ബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് ഗ്രൗണ്ടില്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കുള്ള ആദ്യ സ്റ്റേഡിയമാണിത്. സംസ്ഥാന ഗവൺമെന്‍റ് കിഫ്ബി സഹായത്തോടെ 14 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്. സ്‌റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി കായിക താരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റിനെ മന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ല സബ് ജൂനിയര്‍, ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് മന്ത്രി ദീപം തെളിയിച്ചു. യോഗത്തില്‍ വച്ച് വിവിധ കായിക ഇനങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയവരെയും സ്‌റ്റേഡിയത്തിനുവേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചവരെയും ആദരിച്ചു.

ABOUT THE AUTHOR

...view details