ചെളിയും മണലും നിറഞ്ഞ് വെള്ളത്തൂവലിലെ ചെക്ക് ഡാം ; തിരിഞ്ഞുനോക്കാതെ അധികൃതര്‍, പ്രതിഷേധം ശക്തം
Published : Feb 20, 2024, 12:03 PM IST
ഇടുക്കി: വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമില്‍ ചെളിയും മണലും നിറഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇത് നീക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ചെങ്കുളം പവര്‍ഹൗസില്‍ നിന്നും ഉത്പാദനശേഷം പുറത്തുവിടുന്ന ജലവും, മുതിരപ്പുഴയാറ്റിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചെക്ക് ഡാം നിര്‍മ്മിച്ചത്. വെള്ളത്തൂവല്‍ പാലത്തിന് താഴെ മുതിരപ്പുഴയാറിന് കുറുകെയാണ് വൈദ്യുതി ബോര്‍ഡിന്‍റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. ഈ ഡാമാണിപ്പോള്‍ ചെളിയും മണലും കൊണ്ട് നിറഞ്ഞിട്ടുള്ളത്. മണലും ചെളിയും നീക്കി ചെക്ക് ഡാമിന്‍റെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന നടപടി അനന്തമായി നീളുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. നടപടി അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. 2018ലെ പ്രളയത്തെ തുടര്‍ന്ന് ചെക്ക് ഡാമില്‍ മണലും ചെളിയും വന്ന് നിറഞ്ഞിരുന്നു. അന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇവിടെ നിന്നും മണല്‍ നീക്കാനുള്ള ചില ഇടപെടലുകള്‍ നടത്തുകയുണ്ടായി. പക്ഷെ ഇതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീട് ചില ആക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ അനുമതി മരവിപ്പിച്ചു. ഏറെ നാളായി നിറഞ്ഞുകിടക്കുന്ന ചെക്ക് ഡാമിന്‍റെ സംഭരണ ശേഷി തിരികെ എടുക്കാനുള്ള ഇടപെടല്‍ വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.