ഹൈഡല്‍ ടൂറിസം വർക്കേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ ; വിനോദ സഞ്ചാരികൾ ഇല്ലാതെ മൂന്നാർ - ഇടുക്കി മൂന്നാർ
Published : Feb 21, 2024, 12:59 PM IST
ഇടുക്കി : വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരാഴ്‌ചയായി അടഞ്ഞുകിടക്കുന്നതിനാൽ ഇടുക്കി മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വൻ കുറവ് (Munnar Tourism). കേരള ഹൈഡൽ ടൂറിസം വർക്കേഴ്‌സ് അസോസിയേഷൻ സിഐടിയുവിൻ്റെ കീഴിലുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഞായറാഴ്‌ച (18-02-2024) മുതലാണ് വിവിധ കേന്ദ്രങ്ങളിൽ സമരം ആരംഭിച്ചത് (Hydel Tourism Employees Continued Their Strike). ഇതോടെ ഏറ്റവുമധികം സഞ്ചാരികളെത്തിയിരുന്ന മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ്, കുണ്ടള, പഴയ മൂന്നാർ ഹൈഡൽ പാർക്ക്, ചെങ്കുളം എന്നീ ബോട്ടിങ് കേന്ദ്രങ്ങൾ ഒരാഴ്‌ചയായി അടഞ്ഞുകിടക്കുകയാണ്. വരയാടുകളുടെ പ്രജനന കാലമായതിനാൽ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ രാജമലയിലും സഞ്ചാരികൾക്ക് പ്രവേശനമില്ല. നിലവിൽ ഡിടിപിസിയുടെ ദേവികുളം റോഡിലെ ബൊട്ടാണിക്കൽ ഗാർഡനും പഴയ മൂന്നാറിലെ കുട്ടികളുടെ പാർക്കും മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങൾ സമരം മൂലം അടഞ്ഞു കിടക്കുന്നതായി വിവിധ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നത് സഞ്ചാരികളുടെ വരവിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ മേഖലയിലുള്ളവർ കടൂത്ത ദുരിതത്തിലായിരിക്കുകയാണ്. സമരം ഒത്തുതീർപ്പാക്കുന്നതിനായി നടന്ന ചർച്ച പരാജയപ്പെട്ടതോടെ വരും ദിവസങ്ങളിലും സമരം ശക്തമായി തുടരാനാണ് ജീവനക്കാരുടെ തീരുമാനം. ജീവനക്കാരുടെ സമരത്തെ നേരിടാൻ കർശന നടപടികളുമായി ഹൈഡൽ ടൂറിസം ഡയറക്‌ടർ ഉത്തരവിറക്കി. 2022 മാർച്ച് 28ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകിയതായി ഡയറക്‌ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ പണിമുടക്ക് കാലത്ത് അവധിയെടുക്കുന്ന ജീവനക്കാരുടെ അവധി അംഗീകരിക്കുകയോ വേതനം നൽകുകയോ ചെയ്യില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ ജോലിക്കെത്തുന്ന മറ്റ് ജീവനക്കാരെയോ സഞ്ചാരികളെയോ തടയാൻ ശ്രമിച്ചാൽ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കും തുടങ്ങിയ കർശന നടപടികളാണ് ഡയറക്‌ടർ പുറത്തിറക്കിയ ഉത്തരവിലുള്ളത്. സമരക്കാരെ നേരിടാൻ അധികൃതർ കടുത്ത നടപടികളുമായി എത്തിയതോടെ സമരം ഒത്തുതീർപ്പാകാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്.