'അഞ്ചുരുളി ടണലിലേക്ക് നോ എന്‍ട്രി'; പ്രവേശനം നിരോധിച്ച് ഗേറ്റ് സ്ഥാപിച്ച് ഡാം സേഫ്‌റ്റി വിഭാഗം, പ്രതിഷേധം - Entry Banned To Anchuruli Tunnel
Published : Feb 27, 2024, 8:31 PM IST
ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം നിരോധിച്ച് കെഎസ്‌ഇബി ഡാം സേഫ്‌റ്റി വിഭാഗം. ടണലിലേക്കുള്ള പ്രവേശന കവാടത്തില്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചു. അപകട സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌ഇബിയുടെ നടപടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ചത്. പ്രവേശനം നിരോധിച്ചതോടെ ഇന്ന് രാവിലെ സ്ഥലത്തെത്തിയ സഞ്ചാരികള്‍ നിരാശരായി മടങ്ങി. എന്നാല്‍ സംഭവത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഗ്രാമ പഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയാണ് കെഎസ്‌ഇബിയുടെ നടപടി. നേരത്തെയും ടണലിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ കെഎസ്‌ഇബി ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അത് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗേറ്റിന്‍റെ ഒരു ഭാഗം തുറന്ന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുമ്പിന്‍റെ ഗ്രില്ല് കൊണ്ട് അടച്ച് പ്രവേശനം നിരോധിച്ചത്. അഞ്ചുരുളി ടൂറിസം തകർക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമമാണിതെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. ടണലിലേക്കുള്ള സന്ദർശന നിരോധനം നീക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അഞ്ചുരുളി. ഇരട്ടയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുവാൻ നിർമ്മിച്ച ടണലാണ് ഇവിടുത്തെ പ്രധാന ആകർഷണം.