മതിക്കുന്ന് വേല എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു - MATHIKUNNU VELA ELEPHANT VIOLENT
Published : Jan 20, 2025, 8:16 PM IST
തൃശൂര്‍: മതിക്കുന്ന് വേല എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ എഴുന്നള്ളിപ്പിന് തൊട്ടു മുൻപ് ആന അനുസരണക്കേട് കാട്ടുകയായിരുന്നു. പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ച ആനയെ എലിഫൻ്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് പെട്ടെന്ന് തന്നെ തളച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാവിലത്തെ എഴുന്നള്ളിപ്പിന് തിടമ്പേറ്റുന്നതിനാണ് ആനയെ കൊണ്ടു വന്നത്. അതേസമയം ഇടഞ്ഞ കൊമ്പൻ നാശനഷ്‌ടങ്ങളൊന്നും വരുത്തിയില്ല. തളച്ച ആനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാതെ തിരികെ കൊണ്ടുപോയി. പിന്നീട് നാല് ആനകളെ ഉൾപ്പെടുത്തി എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു.
ജനുവരി 8ന് മലപ്പുറത്തും സമാന സംഭവം ഉണ്ടായിരുന്നു. പുതിയങ്ങാടി നേര്‍ച്ചയ്‌ക്ക് എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. നേര്‍ച്ചയ്ക്ക് എത്തിയ ഒരാളെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. സംഭവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.