മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം ; ഓട്ടോറിക്ഷ തകര്‍ത്തു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - മൂന്നാറിൽ കാട്ടാന ആക്രമണം
Published : Mar 7, 2024, 11:59 AM IST
ഇടുക്കി : മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ നല്ലതണ്ണി എസ്‌റ്റേറ്റിലാണ് സംഭവം. ഓട്ടോറിക്ഷക്കെതിരെയായിരുന്നു കാട്ടാനയുടെ ആക്രമണം. കല്ലാർ പുതുക്കാട് എസ്‌റ്റേറ്റ് സ്വദേശി സുഭാഷ് ആണ് ഓട്ടോ ഓടിച്ചത്. രാത്രി 9.30 ന് നല്ലതണ്ണി ഇൻസ്റ്റൻഡ് ടീ ഡിവിഷൻ ഫാക്‌ടറിയിൽ നിന്നും കല്ലാറിലേക്ക് പോകുന്ന വഴിയിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. കാട്ടാനയുടെ മുമ്പിൽപ്പെട്ടുപോയ ഓട്ടോയിൽ നിന്നും ഡ്രൈവർ സുഭാഷും സുഹൃത്തും ഇറങ്ങി ഓടുകയായിരുന്നു. ഇതോടെ ഓട്ടോയുടെ മുൻ വശത്ത് തുമ്പിക്കൈ കൊണ്ട് കാട്ടാന അടിച്ചു. അടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം മുഴുവൻ തകർന്ന നിലയിലായിരുന്നു. ഈ സമയം പുതുക്കാട് സ്വദേശികളായ സ്‌ത്രീകളും കുട്ടികളും വാഹനത്തിനകത്ത് ഉണ്ടായിരുന്നു. ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടിയവർ നീങ്ങിയ ഭാഗത്തേക്ക് കാട്ടാന പോയതോടെ വാഹനത്തിലുള്ളവർ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച സമാനമായ രീതിയിൽ തന്നെയായിരുന്നു കന്നിമല എസ്റ്റേറ്റിലും കാട്ടാന ഓട്ടോ റിക്ഷ ആക്രമിച്ചത്. അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കന്നിമല സ്വദേശി സുരേഷ് കുമാർ മരിച്ചിരുന്നു.