കേന്ദ്രസർക്കാർ അവഗണന, പ്രതിരോധവും പ്രതിഷേധവുമായി ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല
Published : Jan 20, 2024, 7:25 PM IST
തിരുവനന്തപുരം: റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിൻ്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയവ വിവിധ വിഷയങ്ങളില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീർത്തു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ വലിയ പങ്കാളിത്തമാണുള്ളത്. കാസര്‍കോട്ട് മനുഷ്യച്ചങ്ങലയുടെ തുടക്കത്തിൽ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം ആദ്യ കണ്ണിയായി. ഡിവൈഎഫ്‌ഐയുടെ ആദ്യകാല പ്രസിഡൻ്റും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ രാജ്‌ഭവനു മുന്നിൽ അവസാന കണ്ണിയായി. രാജ്‌ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതിയും പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര അവഗണനയ്‌ക്കെതിരെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പരിപാടിയിൽ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ കമല, മകള്‍ വീണ വിജയന്‍ തുടങ്ങിയവരും മനുഷ്യചങ്ങലയില്‍ പങ്കാളിയായി. വൈകിട്ട് മൂന്ന് മണിയോടെ തന്നെ നിരത്തുകളിൽ ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്‍റേയും നേതാക്കളും പ്രവർത്തകരും എത്തിത്തുടങ്ങിയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെ 651 കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. വൈകിട്ട് നാലരയോടെ ട്രയൽ ആയി മനുഷ്യച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും നടന്നു. തിരുവനന്തപുരത്ത് ജില്ല അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ രാജ്ഭവന്‍ വരെയാണ് മനുഷ്യചങ്ങല തീർത്തത്.