കൈക്കൂലി വാങ്ങവെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ - Deputy Electrical inspector
Published : Mar 5, 2024, 11:44 AM IST
കോട്ടയം : കൈക്കൂലി വാങ്ങവെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറെ പിടികൂടി വിജിലൻസ് (Bribe case). തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30ന് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറായ (Deputy Electrical inspector arrested) കൊല്ലം സ്വദേശി സുമേഷ് എൻ എൽ ആണ് പിടിയിലായത്. കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ എയ്‌ഡഡ് സ്‌കൂളിലെ പരിശോധനയ്ക്ക് വേണ്ടി ഇയാൾ 10,000 രൂപ കൈക്കൂലി ചോദിച്ചിരുന്നു. സ്‌കൂളിന്‍റെ ലിഫ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ടാണ് സ്‌കൂൾ മാനേജരോട് സുമേഷ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് സ്‌കൂൾ അധികൃതരോട് ചോദിക്കാതെ പണം നൽകാൻ കഴിയില്ലെന്ന് സുമേഷിനോട് പറഞ്ഞെങ്കിലും ഫോൺ ചെയ്‌ത് അധികൃതരെ വിവരം ധരിപ്പിച്ച് പണം നൽകാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തിങ്കളാഴ്‌ച പണം കൈമാറണമെന്നും ഇയാൾ മാനേജരോട് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ സ്‌കൂൾ അധികൃതർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്‌ച പാലായിലെ ഒരു പോളിടെക്‌നിക്കിൽ സുമേഷ് വന്ന സമയം പരാതിക്കാരൻ കൈക്കൂലിയുമായി എത്തുകയായിരുന്നു. കൈക്കൂലി പരാതിക്കാരനിൽ നിന്ന് വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. വിജിലൻസ് എസ്‌പി വി ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്.