രാജ്ഭവന്‍റെ സുരക്ഷയ്ക്ക് സിആർപിഎഫ്, കേരള ചരിത്രത്തിൽ ഇതാദ്യം; ഗവർണർക്ക് ബുള്ളറ്റ് പ്രൂഫ് കാറും എത്തും - രാജ്ഭവന്‍റെ സുരക്ഷയ്ക്ക് സിആർപിഎഫ്
Published : Jan 27, 2024, 6:48 PM IST
തിരുവനന്തപുരം: രാജ്ഭവന്‍റെ സുരക്ഷയ്ക്ക് സിആർപിഎഫ് എത്തി, കേരള ചരിത്രത്തിൽ ഇതാദ്യമായാണ് രാജ്ഭവന്‍റെ സുരക്ഷയ്ക്കായി സിആർപിഎഫ് എത്തുന്നത്. നിലവിൽ ക്രമീകരണങ്ങൾ വിലയിരുത്തുന്ന സംഘം ഉടൻ തന്നെ ഗവർണറുടെയും രാജ്ഭവന്‍റെയും സുരക്ഷ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 അംഗ സി ആർ പി എഫ് സംഘമാണ് സുരക്ഷയ്ക്കായി എത്തിയത് അതില്‍ ആദ്യ ഘട്ടമായി 30 അംഗ സംഘമാണ് രാജ്ഭവനിൽ എത്തിയത്. നിലവിൽ രാജ്ഭവന്‍റെ സുരക്ഷയുള്ള കേരള പൊലീസുമായി സിആർപിഎഫ് സുരക്ഷ ക്രമീകരണങ്ങളുമായി ചർച്ച തുടങ്ങി. സുരക്ഷ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസുമായി ഒരു ചർച്ചയും നടത്താതെയാണ് സിആർപിഎഫ് നേരിട്ട് രാജ്ഭവനിലെത്തിയത്. അത് കൊണ്ട് തന്നെ സിആർപിഎഫ് എത്തിയതോടെ രാജ്ഭവന്‍റെ ചുമതലയുള്ള പൊലീസിന് ആശയക്കുഴപ്പമുണ്ട്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് രാജ്ഭവനും ഗവർണറിനും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതായി ഗവർണർ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്. സിആർപിഎഫിനൊപ്പം ഗവർണർക്ക് ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷയ്ക്കായി എത്തിയേക്കുമെന്നാണ് സൂചന. പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് വെയ്ക്കാൻ ഗവർണർ ഇടപെടൽ നടത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. രാത്രി 5 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 6:15 ന് ഗവർണർ ബംഗളൂരുവിലേക്ക് പോകും.