റേഷൻ മസ്‌റ്ററിങ് നിർത്തിവെച്ച നടപടി പ്രതിഷേധാർഹം; പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് - Ration mustering suspended
Published : Mar 17, 2024, 10:26 AM IST
ഇടുക്കി: റേഷൻ മസ്‌റ്ററിങ് നിർത്തിവെച്ച നടപടി പ്രതിഷേധാർഹമെന്ന് കോൺഗ്രസ്. തോട്ടം മേഖലയിലെ ജനങ്ങൾ കൂലിപ്പണി ഉപേക്ഷിച്ചാണ് മസ്‌റ്ററിങ്ങിനായി എത്തുന്നത്. എന്നാൽ അവർ നിരാശരായി മടങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പൊതുവിതരണ സംവിധാനത്തെ ആകെ തകർക്കുന്ന നിലപാടാണ് ഗവൺമെന്‍റ് കൈക്കൊള്ളുന്നതെന്നും സെര്‍വര്‍ തകരാർ പരിഹരിക്കുകയും റേഷൻ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിന് ഗവൺമെന്‍റ് സത്വര നടപടികൾ കൈക്കൊള്ളണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, റേഷൻ കാർഡ് ഉടമകൾ ജീവിച്ചിരിപ്പുണ്ട് എന്നും മുൻഗണനയുള്ളവരാണെന്നും ഉറപ്പുവരുത്തുന്നതിന് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ബയോ മസ്‌റ്ററിങ് സംവിധാനം ഈ മാസം 15-ാം തീയതിയാണ് ആരംഭിച്ചത്. മിക്ക റേഷൻകടകളിലും തിരക്ക് കണക്കിലെടുത്ത് റേഷൻ വ്യാപാരികൾ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സെർവർ തകരാറ് മൂലം മസ്‌റ്ററിങ് പ്രവർത്തിപ്പിക്കാൻ പറ്റാത്തത് തർക്കങ്ങൾക്ക് കാരണമായിരുന്നു. പരീക്ഷയ്ക്ക് പോകേണ്ട കുട്ടികളടക്കം രാവിലെ എത്തിയിട്ടും മസ്‌റ്ററിങ് ചെയ്യാൻ പറ്റാതായതോടെ വലിയ പ്രയാസമുണ്ടാക്കി. കൂടാതെ ജോലിക്കടക്കം പോകാതെയായിരുന്നു പലരും അതിരാവിലെ തന്നെ റേഷൻ കടകൾക്ക് മുന്നിൽ എത്തിയത്. കൂടാതെ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കപ്പാസിറ്റി കൂടിയ സെർവർ സ്ഥാപിക്കണമെന്ന് റേഷൻ വ്യാപാരി സംഘടനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.