യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം - Conflict In Youth Congress March
Published : Mar 4, 2024, 10:13 PM IST
തൃശ്ശൂര്‍: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണത്തില്‍ ഡീന്‍ എം.കെ നാരായണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡീനിന്‍റെ തൃശ്ശൂര്‍ കൊക്കാലെയിലുള്ള സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി സി സി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കൊക്കാലെ ജംങ്ഷനില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കെ പി സി സി സെക്രട്ടറി ജോണ്‍ഡാനിയേല്‍ ഉദ്ഘാടനം ചെയ്‌തു. ധര്‍ണ്ണക്ക് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീലങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുകാരും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ ജലപീരങ്കി പ്രയോഗത്തില്‍ നനഞ്ഞ് കുളിച്ചു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രവര്‍ത്തകര്‍ ധര്‍ണ്ണ അവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയായിരുന്നു. അതേസമയം എസ് എഫ് ഐയെ സംരക്ഷിക്കുന്ന കോളേജ് ഡീൻ നാരായണനേയും സിദ്ധാർഥ് കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച നേതാവ് ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവർ സെക്രട്ടറിയേറ്റിന് മുൻപിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. സിദ്ധാർഥിന്‍റെ മരണം സി ബി ഐ അന്വേഷിക്കണം, പ്രതികൾക്ക് നേരെ കൊലക്കുറ്റം ചുമത്തണം, ഡീനിനെ പ്രതി ചേർക്കണം, സി പി എം നേതാവ് സി കെ ശശീന്ദ്രന്‍റെ പങ്ക് അന്വേഷിക്കണം, സമാന കേസുകളടക്കം അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.