മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം - Conflict In Youth Congress March - CONFLICT IN YOUTH CONGRESS MARCH
Published : Sep 6, 2024, 2:31 PM IST
കണ്ണൂർ : പിവി അൻവറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം. കണ്ണൂർ എസ്‌പി ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ വാഴയോട് ഉപമിച്ച് കൊണ്ടായിരുന്നു കണ്ണൂരിലെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. 'ആഭ്യന്തര വാഴ വിജയൻ രാജി വയ്‌ക്കു' എന്ന മുദ്രാവാക്യത്തോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത്. ഡിസിസി ഓഫിസിൽ നിന്ന് പതിനൊന്നരയോടെ തുടങ്ങിയ മാർച്ച് എസ്‌പി ഓഫിസിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്‌ത ശേഷം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. അതേസമയം പൊലീസിലെ ക്രിമിനൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മിറ്റി എസ്‌പി ഓഫിസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. വനിതകൾ ഉൾപ്പെടെ പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌ത് നീക്കി. മാത്യു കുഴൽനാടൻ എംഎൽഎ ആണ് മാർച്ച് ഉദ്ഘാടനം ചെയ്‌തത്.