കെ സുധാകരന്‍റെ വീട്ടിൽ 'കൂടോത്രം'; കുഴിച്ചെടുത്തത് രാജ്മോഹൻ ഉണ്ണിത്താന്‍റെ സാന്നിധ്യത്തിൽ-വീഡിയോ - black magic components found - BLACK MAGIC COMPONENTS FOUND
Published : Jul 4, 2024, 7:56 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വീടിന് സമീപത്തു നിന്നും 'കൂടോത്ര വസ്‌തുക്കൾ' പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ സാന്നിധ്യവും പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ശബ്‌ദത്തിൽ നിന്നും വ്യക്തമാണ്. കെ സുധാകരന്‍റെ കണ്ണൂരിലെ വീടിന് സമീപത്ത് നിന്നുമാണ് തകിടുകളും തെയ്യത്തിന്‍റെ രൂപങ്ങളും കുടത്തിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവം ഒരു വർഷം മുൻപ് നടന്നതാണെന്നാണ് വിവരം. സമാനമായി കെപിസിസി അധ്യക്ഷന്‍റെ മുറിയുടെ സമീപത്ത് നിന്നും തിരുവനന്തപുരത്ത് പേട്ടയിൽ കെ സുധാകരൻ മുൻപ് താമസിച്ചിരുന്ന വീട്ടിന് സമീപത്ത് നിന്നും ഡൽഹിയിൽ എംപിമാർക്കുള്ള ഔദ്യോഗിക വസതിയായ നർമ്മദ ഫ്ലാറ്റിലെ മുറിയിൽ നിന്നും മുൻപ് ഇതരത്തിൽ തകിടുകളും തെയ്യത്തിന്‍റെ രൂപങ്ങളും കുടത്തിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം. സംഭവത്തിൽ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനോ കെപിസിസി അധ്യക്ഷൻ കെ സുധാകരനോ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. വിഷയം അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. കോൺഗ്രസിനുള്ളിൽ പലപ്പോഴും വിവാദമാകുന്ന ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമാകാം കൂടോത്രമെന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.