തൃശൂർ മുല്ലശ്ശേരിയില്‍ ഭാരത് അരി വിൽപ്പന തടഞ്ഞ് പൊലീസ് ; പെരുമാറ്റച്ചട്ട ലംഘനമെന്ന് വിശദീകരണം, പ്രതിഷേധവുമായി ബിജെപി - ഭാരത് അരി
Published : Feb 19, 2024, 3:54 PM IST
തൃശൂർ: മുല്ലശ്ശേരിയില്‍ ഭാരത് അരി വിൽപ്പന തടഞ്ഞ് പൊലീസ്. മുല്ലശ്ശേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്. അരി വിതരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളാൻ ബിജെപി പ്രവർത്തകർ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി. പൊലീസ് നിർദേശത്തെ തുടർന്ന് തൊട്ടടുത്ത തോളൂർ പഞ്ചായത്തിലേക്ക് വാഹനം മാറ്റിയിട്ടു. പഞ്ചായത്തുകളുടെ അതിർത്തിയിൽ അരി വിതരണം പുനരാരംഭിച്ചു. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വിൽപ്പന പൊലീസ് തടഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ തൃശൂരിൽ അടുത്തിടെയാണ് കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഭാരത് അരിയുടെ വിൽപ്പന ആരംഭിച്ചത്. കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിലാണ് ഭാരത് അരി വില്‍ക്കുന്നത്. സംസ്ഥാനതല വിതരണം കഴിഞ്ഞ മാസം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. ഭാരത് അരി വിതരണത്തിനെതിരെ നേരത്തെ മറ്റ് പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംപി തുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തി. എന്നാല്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.