കടാശ്വാസം ലഭ്യമാകുന്നില്ല ; കര്‍ഷകര്‍ കൂടിയായ തയ്യല്‍ തൊഴിലാളികള്‍ പ്രതിസന്ധിയില്‍ - കാര്‍ഷിക കടാശ്വാസം ലഭ്യമാകുന്നില്ല
Published : Feb 18, 2024, 12:21 PM IST
ഇടുക്കി: നെടുങ്കണ്ടം രാമക്കല്‍മേട് സ്വദേശിയായ അപ്പുക്കുട്ടന്‍, തയ്യല്‍ തൊഴിലാളിയാണ്. ഒപ്പം ഒരു കര്‍ഷകനും. 1990 മുതല്‍ രാമക്കല്‍മേട്ടില്‍ ചിപ്പി ടെയ്‌ലേഴ്‌സ് എന്ന സ്ഥാപനം നടത്തുന്നു. കൃഷി ആവശ്യത്തിനായി 2014-15 കാലഘട്ടത്തില്‍ തൂക്കുപാലത്തെ സഹകരണ സ്ഥാപനത്തില്‍ നിന്ന് ഇദ്ദേഹം 25000 രൂപ വായ്‌പ എടുത്തിരുന്നു. എന്നാല്‍ നാണ്യവിളകളുടെ വില തകര്‍ച്ചയും പ്രളയ കാലത്തെ തിരിച്ചടികളുമെല്ലാം കൃഷി പ്രതിസന്ധിയിലാക്കി. വായ്‌പ തിരിച്ചടയ്ക്കാനാവാതെ വന്നതോടെ പലിശയും പിഴയും എല്ലാം ചേര്‍ന്ന് വന്‍ തുകയായി. തുടര്‍ന്ന്, കാര്‍ഷിക കടാശ്വാസത്തിനായി കമ്മീഷനെ സമീപിച്ചപ്പോഴാണ് റേഷന്‍ കാര്‍ഡില്‍ തയ്യല്‍ തൊഴിലാളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ആനുകൂല്യം നല്‍കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ഇടുക്കിയില്‍ ഇത്തരത്തില്‍ നിരവധി കര്‍ഷകരുണ്ട്. ഉപജീവനത്തിനായി ഒരു തൊഴില്‍ ചെയ്യുന്നതിനൊപ്പം കൃഷിയും ദിനചര്യയുടെ ഭാഗമാക്കിയവര്‍. ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് കടാശ്വാസം ലഭ്യമാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. നിരവധി തയ്യല്‍ തൊഴിലാളികള്‍ക്കാണ്, കൃഷി ആവശ്യത്തിനായി എടുത്ത വായ്‌പയ്ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാകാത്തത്. വിവിധ പ്രതിസന്ധികള്‍ മൂലം കൃഷി നഷ്‌ടമാകുമ്പോള്‍, വായ്‌പയ്ക്ക്, അര്‍ഹമായ അനുകൂല്യം പോലും ഇവര്‍ക്ക് ലഭ്യമാകുന്നില്ലെന്നാണ് പരാതി.