അത്യാഹിത സമുച്ചയത്തിന് പിന്നാലെ ഒപി ബ്ലോക്കിനും പുതിയ കെട്ടിടം; അടിമാലി താലൂക്ക് ആശുപത്രിയുടെ മുഖം മാറുന്നു
Published : Jan 24, 2024, 1:48 PM IST
|Updated : Jan 24, 2024, 4:22 PM IST
ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുന്നു. ബഹുനില അത്യാഹിത സമുച്ചയത്തിന് പിന്നാലെ ഒപി ബ്ലോക്കിനും പുതിയ കെട്ടിടം ഉയരുകയാണ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകളുടെ ഏക ആശ്രയമായ ആശുപത്രിയാണിത്. കാഷ്വാലിറ്റി വിഭാഗത്തിനായി മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തിന് പുറമെയാണ് വിവിധ വിഭാഗങ്ങള്‍ക്കും കിടത്തി ചികിത്സയ്ക്കുമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. 10.42 കോടി രൂപ ചെലവില്‍ ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തിയാണ് പുതിയ കെട്ടിട നിര്‍മാണം. രണ്ടുകോടി ചെലവില്‍ നിര്‍മിക്കുന്ന കാത്ത് ലാബും അവസാനഘട്ടത്തിലാണ്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വര്‍ധനവ് അടിമാലിയുടെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് പ്രതീക്ഷ. അഡ്വ. എ രാജ എംഎല്‍എയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ ഏറ്റവും കുടുതല്‍ പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രി കൂടിയാണ് അടിമാലിയിലേത്. ദേശീയപാതകളിലടക്കം അപകടങ്ങളില്‍പ്പെടുന്നവരേയും ആദ്യമെത്തിക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയിലാണ്. എമര്‍ജന്‍സി അത്യാഹിതം, ഓര്‍ത്തോ വിഭാഗം, ഫാര്‍മസി, ലാബ്, സ്ത്രീകളുടെ വാര്‍ഡ്, ആധുനിക സൗകര്യങ്ങളോടെയുള്ള ഒബ്‌സര്‍വേഷന്‍ സൗകര്യം എന്നിവ പുതിയ മന്ദിരത്തിലുണ്ടാകുമെന്നാണ് വിവരം. തോട്ടം മേഖലകളില്‍ നിന്നും ആദിവാസി മേഖലകളില്‍ നിന്നുമൊക്കെ ദിവസവും നിരവധിയാളുകളാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.