പമ്പ നദിയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി - ഒഴുക്കില്‍പ്പെട്ട് മരിച്ചു
Published : Feb 4, 2024, 7:26 PM IST
പത്തനംതിട്ട: റാന്നിയിൽ പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. റാന്നി പുതുശ്ശേരിമല ഉദിമൂട് സ്വദേശി അനില്‍ കുമാര്‍, മകൾ നിരഞ്ജന (17), സഹോദര പുത്രന്‍ ഗൗതം എന്നിവരാണ് മരിച്ചത് (3 drown after being swept away in Pampa river). പത്തനംതിട്ട റാന്നി ചന്തക്കടവിൽ ഇന്ന് വൈകിട്ട് 4.15 ഓടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ഇവര്‍. റാന്നി മുണ്ടപ്പുഴ ചന്തക്കടവിന് സമീപമാണ് മൂന്നുപേരും ഇറങ്ങിയത്. ആദ്യം ഗൗതമാണ് അപകടത്തില്‍പെട്ടത്. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനില്‍കുമാറും ഒഴുക്കില്‍പെട്ടു. ഇതോടെ ഇരുവരെയും രക്ഷിക്കാനായി ചാടിയ നിരഞ്ജന ചുഴിയില്‍ അകപ്പെടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം അനില്‍ കുമാറിന്‍റെയും ഗൗതമിന്‍റെയും മൃതദേഹമാണ് കണ്ടെടുത്തത്. പിന്നാലെ നിരഞ്ജനയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം നദിയിൽ ഒഴുക്ക് കുറവാണെങ്കിലും അപകടം നടന്ന ഭാഗം ചുഴികളും പാറക്കെട്ടും നിറഞ്ഞതാണെന്ന് പ്രാദേശവാസികൾ പറഞ്ഞു. അപകട വിവരം അറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനും സ്ഥലത്ത് എത്തിയിരുന്നു.