ശ്രീനഗർ: ജലഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഊബർ ഇന്ത്യ. ശ്രീനഗറിലെ ദാൽ തടാകത്തിൽ ഷിക്കാര റൈഡുകൾ ബുക്ക് ചെയ്യാന്‍ ഊബര്‍ സൗകര്യം ഏര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം ആരംഭിക്കുന്നത്. പുതിയ സേവനം ആരംഭിക്കുന്നതായി ഊബര്‍ എക്‌സിലൂടെ അറിയിച്ചു.
'ഊബർ ശിക്കാര' എന്ന് പേരിട്ടിരിക്കുന്ന സേവനം, ടൂറിസം വർധിപ്പിക്കുന്നതിനും ശിക്കാര ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനും സഹായിക്കുമെന്ന് ഊബര്‍ പറയുന്നു. യാത്രകള്‍ തടസമില്ലാത്തതും ആസ്വാദ്യകരവുമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഊബര്‍ ശിക്കാര ഉപയോഗിച്ച് ഞങ്ങൾ സാങ്കേതിക വിദ്യയും പാരമ്പര്യവും സംയോജിപ്പിച്ച് സഞ്ചാരികൾക്ക് അതുല്യമായ അനുഭവം സമ്മാനിക്കും.
ഈ സേവനം വിനോദ സഞ്ചാരത്തെ ഉയർത്തുക മാത്രമല്ല, കശ്‌മീരിന്‍റെ മനോഹര ഭൂപ്രകൃതിയിൽ ഉപജീവനം കണ്ടെത്തുന്ന ശിക്കാര ഡ്രൈവർമാരെ ശാക്തീകരിക്കുകയും ചെയ്യുന്നു.'- ഊബര്‍ വക്താവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏഷ്യയിലെ തന്നെ ഊബറിന്‍റെ ആദ്യ ജലഗതാഗത സംരംഭമാണിത്. വാട്ടർ ടാക്‌സികൾ ജനപ്രിയമായ ഇറ്റലിയിലെ വെനീസ് പോലുള്ള നഗരങ്ങളിൽ കമ്പനിക്ക് സമാനമായ സേവനങ്ങളുണ്ട്. തുടക്കത്തിൽ ഏഴ് ശിക്കാര ഓപ്പറേറ്റർമാരെയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് ഫ്ലീറ്റ് വിപുലീകരിക്കുമെന്നും ഊബര്‍ അറിയിച്ചു.
സര്‍ക്കാര്‍ നിയന്ത്രിത നിരക്കുകൾക്കനുസൃതമായാണ് റൈഡുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഓപ്പറേറ്റർമാർക്ക് മുഴുവൻ നിരക്കും ലഭിക്കുന്നതിനായി സേവന ഫീസ് ഊബര്‍ ഒഴിവാക്കിയട്ടുണ്ട്. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഊബർ ശിക്കാര റൈഡുകൾ പ്രവർത്തിക്കുമെന്ന് വക്താവ് അറിയിച്ചു. ഓരോ യാത്രയിലും നാല് യാത്രക്കാരെ ഉൾക്കൊള്ളിക്കും. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്നതാണ് യാത്ര. യാത്രക്കാർക്ക് 12 മണിക്കൂർ മുതൽ 15 ദിവസം വരെ അഡ്വാന്‍സ് ബുക്ക് ചെയ്യാം.