നീലഗിരി മലകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന മനോഹരിയായ ജില്ലയാണ് പാലക്കാട്. മഴക്കാലം മാന്ത്രികത സൃഷ്‌ടിക്കുമ്പോഴാണ് പാലക്കാടിന് മൊഞ്ച് ഏറിവരിക. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പാലക്കാട് നിരവധി മലകളും കുന്നുകളും മനോഹരമായി പരന്നൊഴുകുന്ന പുഴകളും അരുവികളും കാണാനാകും.
ഒവി വിജയന്‍റെ വിഖ്യത നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം വായിച്ച് അതില്‍ ആകൃഷ്‌ടരായി എത്തുന്ന സാഹിത്യ പ്രേമികള്‍ ഒരു തീര്‍ഥാടനത്തിലേക്കെന്ന പോലെ എത്തുന്ന പ്രദേശമാണ് പാലക്കാട് നഗരത്തിനടുത്തുള്ള തസ്രാക്ക്. തണുപ്പും ചൂടും സമാസമം ചേര്‍ത്ത കാലാവസ്ഥ. വരണ്ട കാറ്റ് വീശുമ്പോള്‍ കരിമ്പനകള്‍ മീട്ടുന്ന ഈണം. ഭാരതപ്പുഴയും കുന്തിപ്പുഴയും കണ്ണാടിപ്പുഴയും കല്‍പ്പാത്തിപ്പുഴയും തൂതപ്പുഴയും ഗായത്രിയും സിരുവാണിയും ഭവാനിപ്പുഴയും പരന്നൊഴുകുന്ന പാലക്കാട്. വേലയും പൂരവും കുമ്മാട്ടിയും രഥോത്സവങ്ങളും പള്ളി നേര്‍ച്ചകളുമൊക്കെ ജാതിമത ഭേദമില്ലാതെ കൊണ്ടാടുന്ന പച്ച മനുഷ്യന്മാരുടെ നാട്. ഒരു കാലത്തെ കേരളത്തിന്‍റെ നെല്ലറ.
ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള അനവധിയിടങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍ പാടങ്ങളും അതിനെല്ലാം ഇടയില്‍ മാനം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന കരിമ്പനകളും ഈ ജില്ലയുടെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയൊരുക്കിയ അത്ഭുതങ്ങളും പുരാതന വാസ്‌തുവിദ്യകളും ഏവരെയും ആകര്‍ഷിക്കുന്ന പാലക്കാട് വേറെയുമുണ്ട് സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍. അവ ഏതെല്ലാമാണെന്നും അവയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും വിശദമായി നോക്കാം.
സൈലന്‍റ്‌വാലി/ നിശബ്‌ദ താഴ്‌വര: പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള നീലഗിരി കുന്നുകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം... അതാണ് സൈലന്‍റ് വാലി അഥവാ നിശബ്‌ദ താഴ്‌വര. സാധാരണ വനങ്ങളെ ശബ്‌ദമുഖരിതമാക്കുന്ന ചീവിടുകളെ ഇവിടെ കാണാനാകില്ലെന്ന് മാത്രമല്ല അതിന്‍റെ ശബ്‌ദം ഒരല്‍പം പോലും ഈ വനത്തില്‍ നിന്നും കേള്‍ക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഈ വനത്തിന് സൈലന്‍റ് വാലിയെന്ന് പേര് വന്നത്.
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉത്‌ഭവ സ്ഥാനം വനത്തില്‍ നിന്നാണ്. 1984ലാണ് സൈലന്‍റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യോനമായി പ്രഖ്യാപിച്ചത്. പാലക്കാട് സന്ദര്‍ശിക്കാനെത്തുന്നവരാണെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് സൈലന്‍റ് വാലി. ആനകള്‍, കടുവകള്‍, സിംഹവാലന്‍ കുരങ്ങുകള്‍, മലയണ്ണാന്‍, പുള്ളിപ്പുലി, പാമ്പുകള്‍, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ കാടുകളിലുണ്ട്. മാത്രമല്ല വിവിധ തരം പക്ഷികള്‍, ചിത്രശലഭങ്ങള്‍, ചെറുപ്രാണികള്‍ എന്നിവയും സൈലന്‍റ് വാലിയുടെ മറ്റൊരു പ്രത്യേകതയാണ്.
നിശാശലഭങ്ങളുടെ 400ഓളം വെറൈറ്റികളും ചിത്രശലഭങ്ങളുടെ 200 വെറൈറ്റികളും ഈ വനത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീവികള്‍ മാത്രമല്ല മരങ്ങളും കാടിനുള്ളില്‍ വളര്‍ന്ന് നില്‍ക്കുന്ന ചെടികളുമെല്ലാം സാധാരണ വനത്തില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ്. ആയിരത്തിലധികം പുഷ്‌പിത സസ്യങ്ങള്‍ ഈ കാടിനുള്ളില്‍ ഉണ്ട്. മാത്രമല്ല 110ലേറെ ഇനം ഓര്‍ക്കിഡുകളും വനത്തില്‍ കാണാനാകും. സാധാരണ ഉഷ്‌ണ മേഖലകളില്‍ കാണാപ്പെടാറുള്ള ജന്തുജാലങ്ങളും വൃക്ഷങ്ങളും സൈലന്‍റ് വാലിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മലമ്പുഴ അണക്കെട്ട്: സമൃദ്ധമായ വെള്ളം നിറഞ്ഞൊഴുകുന്ന കല്‍പ്പാത്തി പുഴയുടെ കൈവഴിയായ മലമ്പുഴ... പുഴയെ ചുറ്റി കിടക്കുന്ന പര്‍വ്വതം... പുഴയ്‌ക്ക് കുറുകെ വളരെ കാലങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച വലിയൊരു അണക്കെട്ട്. ആധുനിക എഞ്ചിനീയറിങ് വൈദഗ്‌ധ്യങ്ങള്‍ വെല്ലുന്ന ഗംഭീര ഘടന. കണ്ടാല്‍ ആരുമൊന്ന് നോക്കി പോകുന്ന തരത്തിലുള്ള ആകര്‍ഷണീയത.
പുഴയില്‍ വെള്ളം സമൃദ്ധമാകുന്ന കാലത്ത് ഉയരത്തിലുള്ള ഡാമിന്‍റെ ഷട്ടറുകളില്‍ നിന്നും ആര്‍ത്തലച്ചെത്തുന്ന വെള്ളം. ഡാമില്‍ നിന്നും ഒലിച്ചിറങ്ങി ചിതറി തെറിച്ച് പരന്നൊഴുകുന്ന വെള്ളത്തിന് മുകളില്‍ കാഴ്‌ചകള്‍ ആസ്വദിക്കാനും അല്‍പം സാഹസികതയ്‌ക്കുമായൊരു തൂക്കുപാലം. പാലത്തിലൂടെ നടന്ന് നീങ്ങുമ്പോഴുണ്ടാകുന്ന അതിന്‍റെ ഇളക്കം ഏതൊരാളുടെയും മനസിനെ ചെറുതായൊന്ന് ഭയപ്പെടുത്തും.
ഇനിയിപ്പോ ഡാമില്‍ നിന്നും ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ ബോട്ട് യാത്ര വേണമെങ്കില്‍ അതുമാകാം. സ്വന്തമായി നിയന്ത്രിച്ച് പോകാനാകുന്ന പെഡല്‍ ബോട്ടും വെള്ളത്തെ ചീറ്റിതെറിച്ച് വേഗത്തില്‍ പോകാനാകുന്ന സ്‌പീഡ് ബോട്ട് സര്‍വീസും ഇവിടെയുണ്ട്. പുഴയുടെ ഓളപരപ്പിലൂടെ ബോട്ടില്‍ കറങ്ങണമെങ്കില്‍ വേറെ ടിക്കറ്റെടുക്കണം. അണക്കെട്ട് മാത്രമല്ല ഇവിടെ ഒരുക്കിയിട്ടുള്ള പൂന്തോട്ടവും ഏതൊരാളുടെയും മനസില്‍ തൊടും. വിവിധ വര്‍ണങ്ങളില്‍ അവയങ്ങനെ പൂത്ത് വിടര്‍ന്ന് നില്‍ക്കുന്നു.
പൂക്കളിലെ മധു തേടിയെത്തുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂമ്പാറ്റകളും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. പൂന്തോട്ടത്തിന്‍റെ ഒത്ത നടുക്കായി ഭയാനകമായ വലിയൊരു യക്ഷിയുടെ പ്രതിമയും കാണാം. പ്രശസ്‌ത ശില്‍പിയായ കാനായി കുഞ്ഞിരാമന്‍ സ്ഥാപിച്ചതാണീ പെണ്‍ വാമ്പയറിന്‍റെ പ്രതിമ. പൂര്‍ണമായും കല്ലില്‍ കൊത്തിയിട്ടുള്ള ഈ പ്രതിമ കൊച്ചു കുട്ടികളെ തീര്‍ച്ചയായും ഭയപ്പെടുത്തും.
കാഴ്‌ചകള്‍ മാത്രമല്ല സാഹസികതയും: മലമ്പുഴയില്‍ അണക്കെട്ടിന്‍റെയും പൂന്തോട്ടങ്ങളുടെയും ഭംഗി മാത്രമല്ല അതിനൊപ്പം അല്‍പം സാഹസികത കൂടിയാകാം. ഡാമിന്‍റെയും സമീപ പ്രദേശങ്ങളുടെയുമെല്ലാം ഭംഗി മുകളില്‍ നിന്നും ആസ്വദിക്കാനാകുന്ന റോപ്പ് വേയും ഇവിടെയുണ്ട്. അണക്കെട്ടിലെയും പരിസരങ്ങളിലും കാഴ്‌ചകളെല്ലാം കണ്ട് ഏറ്റവും അവസാനമാകാം റോപ്പ് വേയില്‍ കയറ്റം. അതായിരിക്കും ഏറെ രസകരം. റോപ്പ് വേ മാത്രമല്ല കൊച്ചു കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ റൈഡുകള്‍ ഈ പാര്‍ക്കിലുണ്ട്.
അണക്കെട്ട് സന്ദര്‍ശിച്ച് പുറത്തിറങ്ങിയാല്‍ തൊട്ടടുത്ത് തന്നെ കാണേണ്ട മറ്റൊരു കാഴ്‌ചയുണ്ട്. അത് മറ്റൊന്നുമല്ല സ്‌നേക്ക് പാര്‍ക്കാണ്. പെരുമ്പാമ്പുകള്‍ അടക്കം നിരവധി പാമ്പുകളാണ് ഇവിടെയുള്ളത്. വലിയ മരങ്ങളിലെല്ലാം പെരുമ്പാമ്പുകള്‍ കെട്ടി പിണഞ്ഞ് കിടക്കുന്നത് വലിയൊരു കാഴ്‌ച തന്നെയാണ്. വലിയ ചില്ല് കൂട്ടില്‍ എസിയുടെ കുളിരില്‍ കഴിയുന്ന രാജവെമ്പാല അടക്കം ഇവിടുത്തെ പ്രധാന കാഴ്‌ചകളിലൊന്നാണ്. സ്‌നേക്ക് പാര്‍ക്കിലെ കാഴ്‌ചകള്‍ കൂടി കണ്ടിട്ട് മാത്രം മലമ്പുഴ വിട്ടാല്‍ മതി.
കവാ ഐലന്‍ഡ്: മലമ്പുഴ ഉദ്യാനത്തിനും അണക്കെട്ടിനും ഏറെ അടുത്ത ഐലന്‍ഡ് അതാണ് കവാ. മഴക്കാലത്താണ് കവ ഏറെ സുന്ദരിയാകാറുള്ളത്. പച്ചപ്പാര്‍ന്ന വിശാലമായ പ്രദേശം. അവിടെ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍. ഇവയെ സംരക്ഷിച്ച് നില്‍ക്കും പോലെ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകള്‍. വെള്ളക്കെട്ടും പച്ചപ്പും മലനിരകളും ഒക്കെയായി അടിപൊളി വൈബായൊരിടം. അതാണ് മലമ്പുഴ ഡാമിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കവാ ഐലന്‍ഡ്. പ്രകൃതി ഏറെ ഭംഗി പകര്‍ന്നിട്ടുള്ള ഈയിടമാകാട്ടെ നിരവധി മലയാളം, തമിഴ് ചിത്രങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. മഴക്കാലത്താണ് കവയ്‌ക്ക് ഭംഗിയേറുകയെങ്കിലും വേനല്‍ കാലത്ത് ചൂടുള്ള പാലക്കാടന്‍ കാറ്റ് വീശുമ്പോള്‍ ഇവിടെ വന്നിരുന്നാല്‍ ഏറെ ആശ്വാസമായിരിക്കും. പാലക്കാടന്‍ യാത്രയില്‍ ഒരിക്കലും ഈയൊരിടം വിടാതെ കാണേണ്ടതാണ്. അത്രയേറെയുണ്ട് ഇവിടുത്തെ ആ പ്രകൃതി ഭംഗി.
ഇനിയൊരല്‍പ്പം ചരിത്രമാകാം:പാലക്കാട്ടെ പ്രകൃതി ഭംഗിയെ കുറിച്ചാണ് ഇത്രയും പറഞ്ഞത്. എന്നാലിനി അല്‍പം ചരിത്രങ്ങളിലേക്ക് കടക്കാം. അതാകട്ടെ പാലക്കാട് ഭരിച്ച ടിപ്പു സുല്‍ത്താനെ കുറിച്ച് തന്നെയാകാം. ഇപ്പോള്‍ തന്നെ ഏകദേശം ഏത് സ്ഥലത്തെ കുറിച്ചാണ് പറയാന്‍ പോകുന്നതെന്ന് മനസിലായിട്ടുണ്ടാകുമല്ലോ? അതെ നിങ്ങളിപ്പോള്‍ മനസില്‍ ഓര്‍ത്ത ടിപ്പു സുല്‍ത്താന്‍ കോട്ട. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു സൈനിക താവളമാണിത്. വളരെ കാലങ്ങള്‍ക്ക് ശേഷവും കേരളത്തില്‍ ഏറെ സംരക്ഷിക്കപ്പെടുന്ന കോട്ടയാണിത്. പാലക്കാട്ടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണീ കോട്ട.
ചുറ്റും കിടങ്ങുകളുള്ള ഈ കോട്ടയിലേക്ക് പ്രവേശിക്കുക ഒരു ആധുനിക പാലത്തിലൂടെയാണ്. ഇതിലൂടെ ചെന്ന് അകത്തെത്തി കഴിഞ്ഞാല്‍ എല്‍ ആകൃതിയിലുള്ള ഒരു മതില്‍ കാണാനാകും. കോട്ടയ്‌ക്കകത്തെ ഓരോ വാതിലുകള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്നതിനായി മുന്‍കരുതലുകള്‍ എടുത്തതായും കാണാനാകും. എന്നാല്‍ കോട്ടയിലെ പഴയ വാതിലിന് പകരം ഇപ്പോള്‍ മരം കൊണ്ടുള്ള വാതില്‍ നിര്‍മിച്ചിരിക്കുന്നത് കാണാം. ആദ്യ കവാടം കഴിഞ്ഞ് അല്‍പം മുന്നോട്ട് പോയാല്‍ രണ്ടാമത്തെ കവാടം കാണാം. അതിലൂടെ പ്രവേശിച്ചാല്‍ അവിടെ അന്നത്തെ ജയിലിലേക്കുള്ള ഒരു ഇടനാഴിയും കാണാനാകും. പുരാതന രൂപങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കോട്ടയുടെ ഓരോ ഭാഗങ്ങളും കൗതുകം തന്നെയാണ്.
കോട്ടയ്‌ക്കുള്ളിലെ പുരാതന കല്‍പ്പടവുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. വളരെ ചരിത്ര പ്രസിദ്ധമായ കോട്ടയും പാലക്കാട് സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാക്കാനാകാത്ത ഒന്നാണ്. പാലക്കാട് സിവില്‍ സ്‌റ്റേഷന് എതിര്‍വശമാണ് ഈ കോട്ടയുള്ളത്. പാലക്കാട്ടെ ബസ് സ്‌റ്റാന്‍റില്‍ നിന്നും ബസ് കേറിയാല്‍ വെറും മിനിമം ചാര്‍ജിന്‍റെ ദൂരം മാത്രമെ ഈ കോട്ടയിലേക്കുള്ളൂ.
കാഞ്ഞിരപ്പുഴ ഡാം: മലമ്പുഴ ഡാം കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള മറ്റൊരു അണക്കെട്ടാണ് കാഞ്ഞിരപ്പുഴയിലേത്. മലമ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിലാണ് ഈ അണക്കെട്ടുള്ളത്. പാലക്കാടിനും മണ്ണാര്‍ക്കാടിനും ഇടയിലുള്ള തച്ചമ്പാറ മുതുകുറുശ്ശിയില്‍ നിന്നും ഏകദേശം 35 കിമീ ദൂരെയാണ് ഈ അണക്കെട്ടുള്ളത്. ഇതിന് ചേര്‍ന്ന് ഒരു ഉദ്യാനവും സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ടിനോട് തൊട്ടടുത്ത് സജ്ജമാക്കിയിട്ടുള്ള ബേബി ഡാമില്‍ ബോട്ട് സര്‍വീസുണ്ട്. വാക്കോടന്‍ മലനിരകളുടെ വിദൂര ദൃശ്യവും ഇവിടെ നിന്നും ആസ്വദിക്കാം. മഴക്കാലം വന്ന് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും.
മൂന്ന് ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. അണക്കെട്ടിന്‍റെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക മഴക്കാലത്താണ്. അതുകൊണ്ട് ഇക്കാലയളവില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കണം. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുടുംബത്തിനൊപ്പം സന്ദര്‍ശിക്കാന്‍ കഴിയുന്ന ഒരിടമാണിത്. മാത്രമല്ല വൈകുന്നേരങ്ങളില്‍ ചെലവഴിക്കാനാകുന്ന ഇവിടെ പൂന്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് ബസ് സ്‌റ്റാന്‍റില്‍ നിന്നും 12.1 കിലോമീറ്ററും പാലക്കാട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും 33.4 കിലോമീറ്ററും കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 83.9 കിലോമീറ്ററും കോയമ്പത്തൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 103 കിലോമീറ്ററുമാണ് കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്കുള്ളത്.
നെല്ലിയാമ്പതി:തേയിലത്തോട്ടങ്ങളും മലനിരകളുടെ വശ്യമനോഹാരിതയും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്ന ഇടം അതാണ് പാലക്കാട്ടെ നെല്ലിയാമ്പതി. സാതാര്‍കുണ്ട്, കാരപ്പാറ തൂക്കുപാലം, ഓറഞ്ച് ഫാം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലത്. പാലകാട് ടൗണില്‍ നിന്നും യാത്ര ആരംഭിച്ചാല്‍ വഴിനീളെ കാഴ്‌ചകള്‍ ആസ്വദിക്കാവുന്ന ഇടം. യാത്രക്കിടെ പോത്തുണ്ടി ഡാമും അതിന്‍റെ ഭംഗിയും ആസ്വദിക്കാം. മാത്രമല്ല പതിയെ തണുപ്പിനെ പുല്‍കി നെല്ലിയാമ്പതിയിലേക്ക് ചുരം കയറുമ്പോള്‍ കൗതുകമായി വന്യജീവികളെയും കാണാം. ചുരത്തിലൂടെയുള്ള യാത്രയും തണുപ്പും കുളിരുമാണ് നെല്ലിയാമ്പതി യാത്രയെ കൂടുതല്‍ ആസ്വാദകരമാക്കുന്നത്. ദിനംപ്രതി നിരവധി സഞ്ചാരികളാണ് ചുരം കയറി ഇവിടെയെത്തുന്നത്.