കണ്ണൂര്‍: പേരില്ലാ ഹോട്ടലിലേക്ക് രുചി തേടി കുന്നുകയറുകയാണ് മമ്പറത്തും പരിസരങ്ങളിലുമുള്ള ഭക്ഷണപ്രിയര്‍. ഉച്ചയൂണ് നാടനായിരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ റീനയുടെ ഹോട്ടലിലേക്ക് വച്ചുപിടിക്കും. കണ്ണൂര്‍ ശൈലിയില്‍ തേങ്ങയരച്ച മീന്‍ കറിയും പപ്പടം, തൊടുകറി, തോരന്‍, അച്ചാര്‍ എന്നിവയും നല്‍കുന്ന ഈ പേരില്ലാത്ത ഭക്ഷണശാല നാട്ടിൽ ഫെയ്‌മസാണ്. ഊണിന് നാൽപ്പത്തഞ്ച് രൂപ മാത്രമാണ് ഇവിടെ ഈടാക്കുന്നത്. വറുത്ത മീനായി അയല, മാന്തള്‍ തുടങ്ങിയവയും സ്‌പെഷല്‍ പട്ടികയിലുണ്ട്. അതിന്‍റെ വില അമ്പത് രൂപയില്‍ കവിയില്ല.
വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകവും, ക്രൃത്രിമങ്ങള്‍ തീണ്ടാത്ത കറികളും, കുറഞ്ഞ വിലയുമാണ് റീനയുടെ ഹോട്ടലിനെ ഭക്ഷണ പ്രിയരുടെ ഇഷ്‌ടയിടമാക്കുന്നത്. ഭര്‍ത്താവ് രമേശന്‍റെ വീട്ടു പറമ്പിലുള്ള രണ്ട് മുറികളിലായാണ് ഈ നാടന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വാടക വേണ്ടാത്തതിനാല്‍ അതിന്‍റെ മെച്ചം ഊണ് കഴിക്കാന്‍ എത്തുന്നവര്‍ക്കും ലഭിക്കുന്നു. കറിപ്പൊടികളെല്ലാം സ്വന്തമായി ഉണ്ടാക്കുന്നതിനാലും, നാടന്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനാലും ശുദ്ധമായ ഭക്ഷണം ലഭിക്കുന്നിടം എന്ന ഖ്യാതിയും ഈ ഹോട്ടലിനുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മമ്പറം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ കുന്നിന്‍ചെരിവിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. സ്‌ക്കൂള്‍ കാന്‍റീനിലെ പതിവ് ഭക്ഷണം കഴിക്കുന്നവര്‍ രുചി വൈവിധ്യത്തിനായി ഇടയ്‌ക്ക് റീനയുടെ ഹോട്ടലിലെത്തും. പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബശ്രീ ഹോട്ടലായാണ് ഈ ഹോട്ടൽ ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ മറ്റുള്ളവർ കൊഴിഞ്ഞു പോയി.