റാഫിയും മാജിക്കും പിന്നെ ബിരിയാണിയും... (ETV Bharat) എറണാകുളം :5000ത്തിലധികം വേദികളിൽ ജാലവിദ്യയുടെ അത്ഭുത തലങ്ങൾ കാണികൾക്ക് സമ്മാനിച്ച കലാകാരനാണ് റാഫി. ചെറുപ്പം മുതൽ തന്നെ മാജിക്കിന്‍റെ ലോകത്ത് വലിയ ഉയരങ്ങൾ കെട്ടിപ്പടുക്കുവാൻ ഈ വെഞ്ഞാറമൂടുകാരനായി. ഇന്ത്യയിലും വിദേശത്തും വർഷം മുഴുവൻ ഇന്ദ്രജാലത്തിന്‍റെ മായിക ലോകം ജനങ്ങൾക്ക് തുറന്ന് കാട്ടുവാൻ അയാൾ സഞ്ചരിച്ചു.
റാഫിയുടെ പ്രകടനങ്ങൾക്ക് വേദികളിൽ നിന്ന് ചിരിയും കയ്യടിയും ലഭിച്ചു. അയാളെ ഒരു മികച്ച കലാകാരനായി ജനം കണ്ടു. ദിവസങ്ങൾ കഴിയും തോറും റാഫിക്ക് ആരാധകരേറി. ജീവിതം അങ്ങനെ മനോഹരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കൊവിഡ് കാലം വില്ലൻ ആയി എത്തുന്നത്.
കൊവിഡിന് ശേഷം കലാവേദികൾ കുറഞ്ഞു. ഒരുകാലത്ത് തന്‍റെ പ്രകടനം കണ്ട് കയ്യടിച്ചവർ ഒരു കഷ്‌ടകാല സമയത്ത് ഒപ്പം ഇല്ല എന്ന തിരിച്ചറിവ് റാഫിക്കുണ്ടായി. ജീവിക്കാൻ മറ്റ് വഴികൾ കണ്ടെത്തണമെന്ന് റാഫി തിരിച്ചറിഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നന്നായി പാചകം ചെയ്യാൻ അറിയാം എന്നുള്ളത് കൊണ്ട് കല്യാണ ബിരിയാണി ഉണ്ടാക്കി വിൽക്കുവാൻ റാഫി തീരുമാനിച്ചു. വീടിന്‍റെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് അയാൾ രുചിയൂറുന്ന ബിരിയാണി ഉണ്ടാക്കി. വെഞ്ഞാറമൂട് കവലയ്ക്ക് സമീപം മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ ടേക്ക് എവേ കൗണ്ടർ തുടങ്ങി.
ഒരു കിലോ കല്യാണ ബിരിയാണി 150 രൂപ എന്ന ബോർഡ് വച്ച് വിൽപനയും ആരംഭിച്ചു. ഭക്ഷണത്തോടൊപ്പം കുറച്ച് വിനോദവും വിളമ്പിയതോടെ ആവശ്യക്കാരും കാഴ്‌ചക്കാരും ഏറെയായി. ബിരിയാണി വാങ്ങാൻ എത്തിയാൽ ഒരു മാജിക്കും ഫ്രീ ആയി കാണാം.
മെന്‍റലിസം ഉപയോഗിച്ച് ബിരിയാണി വാങ്ങാൻ വരുന്നവന്‍റെ മനസിലുള്ള പേരുകൾ ചോർത്തിയെടുക്കും. ചിലപ്പോൾ ശൂന്യതയിൽ നിന്ന് ബിരിയാണിയെടുത്ത് ആവശ്യക്കാരന് കൊടുക്കും. അങ്ങനെ മാജിക്ക് കാണിച്ചും ജനങ്ങളെ റാഫി കടയിലേക്ക് ആകർഷിച്ചു. ബിരിയാണി വാങ്ങാൻ എത്തുന്നവർക്കും അത് ഒരു വിനോദമാണ്.
ഭക്ഷണത്തിനൊപ്പം വിനോദവും വിളമ്പുന്നത് കാഴ്‌ചക്കാരെ നല്ല രീതിയിൽ ആകർഷിക്കുന്നുണ്ട്. മികച്ച ഒരു മെന്‍റലിസ്‌റ്റ് കൂടിയാണ് റാഫി. റാഫിയുടെ മെന്‍റലിസം ആസ്വദിക്കാനാണ് ഏറെ പേരും വരുന്നത്.
Also Read:കരിമീൻ, ചെമ്പല്ലി, അമൂർ, പൂമീൻ തുടങ്ങി ആറോളം മീനുകൾ..; ചൂണ്ടയിട്ടു പിടിച്ചു വറുത്ത് കഴിക്കാം, ഇതു കാസർകോട്ടെ ഫിഷ് കൗണ്ടി 'സ്പെഷ്യൽ'