തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവിടെ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തി വച്ചിരുന്നത്. അഗസ്ത്യാര്‍കൂട താഴ്‌വാരങ്ങളുടെ മനോഹാരിതയും നെയ്യാര്‍ ജലസംഭരണിയുടെ വൃഷ്‌ടി പ്രദേശം നല്‍കുന്ന ദൃശ്യ ഭംഗിയും ഒപ്പം ആനകളെ അടുത്തറിയാനുള്ള സൗകര്യവും കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തെ വ്യത്യസ്‌തമാക്കുന്നു.
അഗസ്ത്യാര്‍കൂട വനമേഖലയെ ചൂഴ്ന്ന് നില്‍ക്കുന്ന അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് വനം വകുപ്പിന് കീഴില്‍ രൂപം കൊള്ളുന്നത് 1993ലാണ്. ഈ പാര്‍ക്കിന്‍റെ ഭാഗമാണ് വനം വന്യ ജിവി ഡിവിഷന്‍റെ കോട്ടൂര്‍ റേഞ്ച്. നെയ്യാര്‍ ജലസംഭരണിയുടെ പരന്നു കിടക്കുന്ന അതിവിശാലമായ വൃഷ്‌ടി പ്രദേശത്തിന്‍റെ മനോഹാരിതയാല്‍ സമ്പന്നമാണ് ഈ റേഞ്ച്. അത്തരത്തില്‍ നെയ്യാര്‍ ജലസംഭരണിയുടെ വൃഷ്‌ടി പ്രദേശം മുത്തമിടുന്ന ഇടമാണ് കോട്ടൂരിനടുത്തുള്ള കാപ്പുകാട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ കാപ്പുകാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍റെ കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പൂര്‍ണ ആന പുനരധിവാസ കേന്ദ്രമായി ഇവിടം മാറും. ഇതോടെ 50 ആനകളെ ഇവിടെ പുനരധിവസിപ്പിക്കാന്‍ കഴിയും.
2006ല്‍ 3 ആനകളുമായി ആന പരിപാലന കേന്ദ്രമായി തുടങ്ങിയ ഇവിടെ ഇന്ന് 15 ആനകളെ പുനരധിവസിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെന്നല്ല, ഏഷ്യയിലൊരിടത്തും ഇത്രയും ആനകളെ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന എലിഫന്‍റ് റെസ്‌ക്യൂ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ഇല്ലെന്ന് വനം വകുപ്പ് കോട്ടൂര്‍ റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷിദു എസ് വി നായര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
കാട്ടാനക്കൂട്ടം കാട്ടില്‍ ഉപേക്ഷിച്ച് പോകുകയോ അപകടത്തില്‍പ്പെടുകയോ ചെയ്യുന്ന ആനക്കുട്ടികളെ രക്ഷപ്പെടുത്തി അവയ്‌ക്ക് ചികിത്സയും പുനരധിവാസവും നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. നെയ്യാര്‍ ജലസംഭരണിയുടെ സാമീപ്യമാണ് ഇവിടം ഇത്തരത്തിലൊരു കേന്ദ്രമായി വികസിപ്പിക്കാന്‍ വനം വകുപ്പിനെ പ്രേരിപ്പിച്ചത്. കാരണം ജലാശയങ്ങളും ആവശ്യത്തിന് വെള്ളവും ആനകള്‍ക്ക് ഒഴിവാക്കാനാകാത്തതാണെന്ന് ഷിജു പറഞ്ഞു.
2006ല്‍ മൂന്ന് ആനകളോടെയാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം ആരംഭിച്ചത്. ഇന്ന് ഇവിടെ 15 ആനകളുണ്ട്. 83 വയസുള്ള സോമന്‍ എന്ന ആനയാണ് ഇവിടുത്തെ കാരണവര്‍. നാലര വയസ് വീതമുള്ള ആമിന, ആരണ്യ എന്നിവരാണ് ഇവിടുത്തെ ബേബികള്‍. ഇടയ്‌ക്ക് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി അടച്ചിട്ടിരുന്ന ആന പുനരധിവാസ കേന്ദ്രം ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.