കാസർകോട്: അന്താരാഷ്‌ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും മികച്ച സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബേക്കൽ കോട്ട. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്‌റ്റ് കേന്ദ്രമായ ബേക്കല്‍ കോട്ടയിലെ കാഴ്‌ചകൾക്ക് ഇനി മനോഹാരിതയേറും. അടുത്തിടെ കോട്ടയിലെ സന്ദർശന സമയം ദീർഘിപ്പിച്ചതാണ് കോട്ടയിലെ കാഴ്‌ചകൾക്ക് മാറ്റുകൂടാൻ കാരണം. സമയക്രമത്തിൽ മാറ്റം വന്നതോടെ ഇപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് സൂര്യോദയവും സൂര്യാസ്‌തമയവും കാണാം എന്നതാണ് പ്രത്യേകത.
നേരത്തെ 8.30 മുതൽ 5.30 വരെയായിരുന്നു സന്ദർശന സമയം. ഇത് ദീർപ്പിക്കണമെന്ന് വിനോദസഞ്ചാരികളെല്ലാം തന്നെ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഏറെക്കാലത്തെ ആവശ്യത്തിനു ശേഷമാണ് ഈ മാസം ആദ്യം മുതല്‍ (ഒക്ടോബർ) പുതുക്കിയ സമയക്രമം നടപ്പാക്കിയത്. രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയായാണ് സമയം ദീർഘിപ്പിച്ചിരിക്കുന്നത്. രാവിലെ 6.30ന് പ്രവേശനം അനുവദിച്ചു തുടങ്ങുമെങ്കിലും വൈകിട്ട് 5.55 വരെയായിരിക്കും കോട്ടയിൽ പ്രവേശനാനുമതി. കോട്ട കാണാനെത്തുന്നവർ വൈകിട്ട് 5.55 ന് മുന്നേ ടിക്കറ്റ് എടുക്കണം. അസ്‌തമയം കണ്ട ശേഷം 6.30 ന് തന്നെ പുറത്തിറങ്ങുകയും വേണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍ കോട്ട. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്‌മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
6.30 വരെയാണ് നിലവിൽ അനുമതി എങ്കിലും രാത്രി മുഴുവൻ സഞ്ചാരികൾക്ക് കോട്ടയിൽ തങ്ങി ആകാശ കാഴ്‌ചയും കടലിരമ്പവും കടൽകാഴ്‌ചയും അനുഭവിക്കാനുള്ള സൗകര്യം വേണമെന്ന ആവശ്യവും ഉണ്ട്. കോട്ട സജീവമാക്കുന്നതോടൊപ്പം കേന്ദ്ര പുരാവസ്‌തു വകുപ്പിന് വലിയ വരുമാന മാർഗവുമാകുമിത്. കോട്ടയിൽ നിന്ന് ഖനനം ചെയ്‌ത സാമഗ്രികൾ പ്രദർശനത്തിന് വെയ്ക്കണമെന്ന ആവശ്യവുമുണ്ട്.