ഇടുക്കി : ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കമായി. ഇന്നലെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്. സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വാനിലുയര്‍ന്ന് പറക്കാന്‍ വാഗമണ്ണിലേക്ക് ; അന്താരാഷ്‌ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് തുടക്കം - Paragliding Fest In Vagamon
സാഹസിക വിനോദമായ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കമായി. ഫെസ്റ്റിവല്‍ മാര്‍ച്ച് 17 വരെ. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ സന്ദര്‍ശകര്‍ക്ക് പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആസ്വദിക്കാം.
Published : Mar 15, 2024, 9:22 PM IST
പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് പുറമെ വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവല്‍, സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പ്, കേരള അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ (മാര്‍ച്ച് 14) ആരംഭിച്ച ഫെസ്റ്റിവല്‍ മാര്‍ച്ച് 17 വരെയാണുണ്ടാവുക. അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വാഗമണ്ണില്‍ നടത്തുന്ന പാരാഗ്ലൈഡിങ് ഫെസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണ്. നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്‌ത ഗ്ലൈഡര്‍മാരാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ വാഗമണ്ണിലെത്തുന്ന സന്ദർശകർക്ക് പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആസ്വദിക്കാനാകും.