കോഴിക്കോട്:അന്താരാഷ്ട്ര കൂൺ ദിനമാണ് 2024 ഒക്ടോബർ 15. ഓസ്‌ട്രേലിയയിൽ നിന്നാണ് ഇങ്ങനെ ഒരു ദിനാചരണം ആരംഭിച്ചത്. അതിപ്പോൾ വളർന്ന് പന്തലിച്ച് ലോകത്തിന്‍റെ പല കോണിലും എത്തിയിരിക്കുന്നു. ലോകമെമ്പാടും 14,000ലധികം വ്യത്യസ്‌ത ഇനം കൂണുകൾ വളരുന്നുണ്ടെന്നാണ് കണക്ക്.
ഇന്ത്യയിലാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്‌ട ദക്ഷണം എന്ന നിലയിലും ആളുകളെ കൂൺ വിഭവങ്ങൾ ആകർഷിച്ച് വരികയാണ്. കൂൺ കൃഷിയിലേക്കും കൂണിനെക്കുറിച്ച് പഠിക്കാനും നിരവധി പേർ രംഗത്തിറങ്ങി എന്നതാണ് ഒരു ദിനാചരണം കൂടി കടന്നുപോകുമ്പോൾ കാണുന്ന കാഴ്‌ച.
കൂണിൽ കലോറി കുറവാണ്, കൂടാതെ മനുഷ്യർക്ക് ആരോഗ്യകരവും സമീകൃതവുമായ വൈവിധ്യവുമാർന്ന പോഷക പദാർഥങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ധാരാളം കൂൺ കഴിക്കുക എന്നതാണ് ആരോഗ്യ വിദഗ്‌ധരും ആഹ്വാനം ചെയ്യുന്നത്.
സെലിനിയം, കോപ്പർ, മഗ്നീഷ്യം, ഫോസ്‌ഫറസ്, സിങ്ക്, തയാമിൻ എന്നിവയാണ് കൂണിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ. രോഗ പ്രതിരോധ സംവിധാനത്തെ ഫലപ്രദമാക്കുന്നു എന്നതാണ് ഇതിന്‍റെ വലിയ പ്രത്യേകത. ആധുനിക കാലത്ത് മനുഷ്യർ അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയും അതാണ്. കൂൺ കഴിക്കുമ്പോൾ വിവിധ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന മൈക്രോഫേജുകൾ ഉത്തേജിപ്പിക്കപ്പെടുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
രക്തസമ്മർദ്ദം കുറയ്ക്കാൻ കൂൺ സഹായിക്കും. പൊട്ടാസ്യത്തിൻ്റെ ഉറവിടം എന്ന നിലയിൽ, ഹൃദയത്തിന്‍റെ പ്രവർത്തനത്തെ ആരോഗ്യകരമായി നിലനിർത്താനുള്ള കഴിവ് കൂണിലുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ പിരിമുറുക്കം കുറച്ച് രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന ഘടകമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചെറുപ്പം നിലനിർത്താൻ കൂൺ സഹായിക്കുമെന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ഉയർന്ന അളവിലുള്ള ചിലതരം ആൻ്റി ഓക്‌സിഡൻ്റുകൾ ഉള്ളതിനാൽ, കൂൺ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും മറവി (അൽഷിമേഴ്‌സ്) രോഗം പോലുള്ള വാർധക്യസഹജമായ രോഗങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കാനുള്ള കഴിവ് ശരീരത്തിന് നൽകുകയും ചെയ്യുന്നു. എണ്ണമറ്റ തരം കൂൺ വിഭവങ്ങൾ നമുക്ക് തയ്യാറാക്കാൻ കഴിയും. ഒപ്പം കൂൺ സൂപ്പിനും വലിയ പ്രാധാന്യമാണ്.
നമ്മുടെ നാട്ടിലും കൂൺ കൃഷി വ്യാപിച്ച് വരികയാണ്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ കൂണിന്‍റെ ലഭ്യത വളരെ കുറഞ്ഞതോടെ കൃത്രിമ കൃഷി പഞ്ചായത്തുകൾ തോറും നടക്കുന്നുണ്ട്. കൂൺ വളരാൻ വെളിച്ചം ആവശ്യമില്ല. ഇരുട്ടിൽ വളരാൻ കഴിവുള്ളവയാണെങ്കിലും വളരുന്ന പ്രക്രിയയിൽ അൾട്രാവയലറ്റ് രശ്‌മികളുടെ സമ്പർക്കം പുലർത്തുമ്പോൾ അവ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു.
വീടിനുള്ളിൽ വളരുന്നതിനാൽ കൂൺ വർഷം മുഴുവനും ഉത്‌പാദിപ്പിക്കാം. കാലാവസ്ഥ ബാധിക്കാത്ത ഒരു കൃഷി രീതി കൂടിയാണിത്. ചില കൂൺ ഇരുട്ടിൽ തിളങ്ങും. കുറഞ്ഞത് എൺപത് വ്യത്യസ്‌തയിനം കൂണുകൾ ഇരുട്ടിൽ തിളങ്ങുന്നവയാണ്. അതുകൊണ്ട് തന്നെ ഈ തരത്തിന് 'ഇലക്ട്രിക് കൂൺ' എന്ന വിളിപ്പേരുമുണ്ട്.
അധികം ചെലവും അധ്വാനവുമില്ലാതെ അനായാസം ആർക്കും കൂൺകൃഷി ചെയ്യാം. അധികം സ്ഥല സൗകര്യമോ സാധനങ്ങളോ ഇതിനാവശ്യമില്ല. വൃത്തിയുള്ള സാഹചര്യങ്ങളിൽ മാത്രമേ കൂൺകൃഷി ചെയ്യാവൂ. കൂൺ കൃഷിക്കായി പ്രത്യേകം മുറി അല്ലെങ്കിൽ നിലവിലുള്ള വൃത്തിയുള്ള മുറി ഉപയോഗിക്കുകയോ ചെയ്യാം.
റൂമിൽ ചൂട് കുറഞ്ഞ് നിൽക്കേണ്ട ആവശ്യം ഉള്ളതിനാൽ ഓലമേഞ്ഞ ഷെഡാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം വീഴാത്തിടം കൂൺകൃഷിക്ക് ഷെഡുണ്ടാക്കാൻ തെരഞ്ഞെടുക്കണം. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തറ കഴുകി അണുവിമുക്തമാക്കണം. ഷെഡിന്‍റെ തറയിൽ പുഴ മണൽ വിരിക്കുന്നത് ഈർപ്പം തങ്ങി നിൽക്കാൻ സഹായിക്കും. മേൽക്കൂരയ്ക്ക് മുകളിൽ നനഞ്ഞ ചാക്ക് വിരിച്ച് അന്തരീക്ഷ താപം കുറയ്ക്കണം. കരിഞ്ഞ വാഴയില, ഉണങ്ങിയ വാഴപ്പോള, ചകിരി, തെങ്ങിന്‍റെ മടൽ, ഉമി, വൈക്കോൽ, റബർ മരപ്പൊടി എന്നിവ ഉപയോഗിക്കാമെങ്കിലും ഏറ്റവും നല്ലത് വൈക്കോൽ തന്നെ.
അധികം പഴകിയതോ, ജീർണ്ണിച്ചതോ ആയ വൈക്കോൽ ഉപയോഗിക്കരുത്. ഒരു കൂൺ ബെഡിന് 2കിലോ വൈക്കോൽ വേണ്ടി വരും.
കൃഷിരീതി ഇങ്ങനെ:അണുവിമുക്തമാക്കിയ വൈക്കോൽ നനവ് കുറയാൻ ഡെറ്റോൾ ഉപയോഗിച്ച് തുടച്ച് പോളിത്തീൻ ഷീറ്റിൽ നിരത്തിയിടണം, വെയിലത്തോ, ഫാനിന്‍റെ കീഴിലോ അണുവിമുക്തമാക്കിയ വൈക്കോൽ ഉണക്കരുത്. കൈയ്യിലെടുക്കുമ്പോൾ നനവ് അനുഭവപ്പെടുകയും എന്നാൽ പിഴിഞ്ഞാൽ വെള്ളം വീഴാതിരിക്കുകയും ചെയ്യുന്ന തരത്തിൽ രണ്ടിഞ്ച് ഘനമുള്ള ചെറിയ വളയങ്ങളുടെ രൂപത്തിലാക്കണം. പോളിത്തീൻ ബാഗിലാണ് ഇവ നിറയ്‌ക്കേണ്ടത്.
ബാഗിന്‍റെ ഒരു വശം കൂട്ടിപ്പിടിച്ച് റബ്ബർ ബാൻഡ് ഇട്ട ശേഷം അത് ഉൾഭാഗത്തേക്ക് വരത്തക്കവിധം കവർ അകം പുറം മറിക്കുക. നേരത്തെ തയ്യാറാക്കിയ വൈക്കോൽ വളയം ഈ കവറിനുള്ളിൽ സുരക്ഷിതമായി ഇറക്കി വച്ച് കവറിന്‍റെ വശങ്ങളിലേക്ക് ചേർന്നിരിക്കും വിധം കൈകൊണ്ട് നന്നായി അമർത്തണം. ഈ വൈക്കോൽ വളയത്തിൽ കൂൺ വിത്ത് വിതറുക. ഇപ്രകാരം മൂന്നോ നാലോ വളയങ്ങളായിക്കഴിഞ്ഞാൽ മുകൾ ഭാഗത്തും കൂൺ വിത്ത് വിതറാം.
തുടർന്ന് നന്നായി അമർത്തി വായു മുഴുവൻ പുറത്തു കളയണം. 20 ദിവസം കഴിഞ്ഞാൽ മൊട്ടുകൾ വന്നു തുടങ്ങും. കുമിളുകൾ വിരിഞ്ഞു കഴിഞ്ഞാൽ 3 ദിവസത്തിനകം വിളവെടുക്കണം. അല്ലെങ്കിൽ രുചി കുറയും.
കുമിളിന്‍റെ ചുവട്ടിൽ പിടിച്ച് മെല്ലെ അടർത്തിയാണ് എടുക്കേണ്ടത്. 3ഘട്ടമായി വിളവെടുക്കാം. ആദ്യം കവറിലുള്ള ചെറു ദ്വാരങ്ങളിലൂടെ കൂണുകൾ പുറത്തേക്ക് വിടർന്നു വരുമ്പോൾ വിളവെടുക്കാം. അതിന് ശേഷം കവർ അൽപം കീറി കൊടുത്താൽ കുറെ കവിളുകൾ കൂടി മുളച്ചു വരുന്നത് രണ്ടാം ഘട്ടം വിളവെടുക്കാം. ഇതിനുശേഷം കവർ പൂർണമായി കീറി മാറ്റി തൂക്കിയിട്ടിരുന്നാൽ മൂന്നാം ഘട്ടം വിളവെടുപ്പിന് തക്ക വിധം കൂൺ ലഭിക്കും. 55 ദിവസം വരെ ഇങ്ങനെ വിളവെടുക്കാം.
അതേസമയം നമ്മുടെ പറമ്പുകളിൽ കാണപ്പെടുന്ന വിഷക്കൂണുകളേയും തിരിച്ചറിയേണ്ടതുണ്ട്. മഴക്കാലം തുടങ്ങി. ഭക്ഷ്യ യോഗ്യമായ കൂണുകളും വിഷ കൂണുകളും എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് 15 മിനിട്ട് വയ്ക്കുക അപ്പോൾ കൂൺ നീല നിറമായാൽ അത് വിഷക്കൂണാണെന്ന് മനസിലാക്കാം. മറിച്ച് നിറവ്യത്യാസം ഇല്ലെങ്കിൽ അത് ഭക്ഷ്യയോഗ്യമാണ്.
വിഷ കൂൺ തിരിച്ചറിയുന്ന മറ്റ് വഴികൾ:
- കളർഫുൾ ആയിരിക്കും
- ഈച്ച, വണ്ട് മുതലായ ജീവികൾ വന്നിരിക്കില്ല
- കൂൺ കുടയുടെ അടിയിലുള്ള ചെകിള കളർഫുള്ളോ കറുപ്പോ ആയിരിക്കും.
- കൂൺ തണ്ടിൽ വളയം ഉണ്ടായിരിക്കും
- ദിവസങ്ങളോളം കേട് കൂടാതിരിക്കും
- പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല
- വിഷ കൂണിൽ ഒരുതരം പൊടി ഉണ്ടാകും.
Also Read:കരിഞ്ഞുണങ്ങിയ ഏലത്തട്ടകള്‍ 'ഭീമന്‍ കൂണി'ന് വഴിമാറി; വിനോദിന്‍റെ തോട്ടത്തില്‍ കൗതുക കാഴ്‌ച, കാണാന്‍ നിരവധി പേര്‍