ഹോസ്റ്റൽ ജീവിതത്തിലെ ചില സുപ്രധാന കണ്ടുപിടിത്തങ്ങളുണ്ട്. സ്റ്റീൽ പാത്രത്തിൽ ചൂട് വെള്ളം ഒഴിച്ച് തുണി തേയ്‌ക്കുക, അയേൺബോക്‌സിൽ ബുൾസൈ അടിക്കുക, ബ്രെഡ് ടോസ്റ്റ് ചെയ്യുക, അടുപ്പിന് സമാനം ബുക്ക് അടുക്കി വച്ച് നടുക്ക് മെഴുകുതിരിയും കത്തിച്ചുവച്ച് സ്റ്റീൽ പാത്രത്തിൽ മാഗി ഉണ്ടാക്കുക എന്നിങ്ങനെ നീണ്ടുകിടക്കുന്നു ആ ലിസ്റ്റ്. ഇപ്പോഴിതാ പുതിയൊരു ഐറ്റത്തെ ഈ കണ്ടുപിടിത്തങ്ങളുടെ ലിസ്റ്റിലേക്ക് എഴുതിച്ചേർത്തിരിക്കുകയാണ് വിദ്യാർഥികൾ 'ഇലക്‌ട്രിക് കെറ്റിലിലെ ചിക്കൻ കറി'(Electric Kettle Chicken Curry).
'ഇലക്‌ട്രിക് കെറ്റിലിലെ ചിക്കൻ കറി' ; വീഡിയോ വൈറൽ, ഹോസ്റ്റൽ ജീവിതം അയവിറക്കി കമന്‍റുകൾ - ഹോസ്റ്റൽ ജീവിതം
ഹോസ്റ്റലിൽ ഇലക്‌ട്രിക് കെറ്റിലിൽ ചിക്കൻ കറിയുണ്ടാക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറൽ
Published : Feb 9, 2024, 9:34 PM IST
ഒരു കൂട്ടം പെൺകുട്ടികൾ ചേർന്ന് ഇലക്‌ട്രിക് കെറ്റിലിൽ ചിക്കൻ കറി ഉണ്ടാക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. tanushree_khwrkpm എന്ന അക്കൗണ്ടിലൂടെ 'ഹോസ്റ്റൽ ലൈഫ്' (Hostel Life) എന്ന അടിക്കുറിപ്പുമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു കോഴിക്കറിക്കായുള്ള തയ്യാറെടുപ്പുകളാണ് കാണാൻ കഴിയുക.
കറിക്ക് വേണ്ട സവാള, ഇഞ്ചി, മുളക്, ഉരുളക്കിഴങ്ങ്, മല്ലിയില തുടങ്ങി ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം അരിഞ്ഞ് ഒതുക്കിവച്ചു. തുടർന്ന് ഇലക്‌ട്രിക് കെറ്റിൽ ചൂടാക്കി അതിലേക്ക് ചിക്കനും വെള്ളവും ഒഴിച്ച് അരിഞ്ഞുവച്ച സാമഗ്രികളും മസാലയും ചേർത്തു. ആവശ്യത്തിന് വേവായി കഴിയുമ്പോൾ ചിക്കൻ കറി റെഡി. പിന്നാലെ എല്ലാവരും കൂടി വട്ടത്തിലിരുന്ന് ചിക്കൻ കറിയും കൂട്ടി ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോയ്‌ക്ക് താഴെ രസകരമായ കമന്‍റുകള്‍ കാണാം. പലരും തങ്ങളുടെ ഹോസ്റ്റൽ ജീവിതം അയവിറക്കി അനുഭവങ്ങള്‍ കുറിക്കുകയും ചെയ്യുന്നു.