വാഷിങ്‌ടണ്‍ ഡിസി : തക്കാളിക്ക് ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ആരോഗ്യത്തിനൊപ്പം ചര്‍മ്മസംരക്ഷണത്തിലും തക്കാളി വഹിക്കുന്ന പങ്ക് ചെറുതല്ല (benefits Tomato juice). എന്നാലിതാ ഇപ്പോള്‍ പുതിയൊരു പഠനം കൂടി പുറത്ത് വന്നിരിക്കുകയാണ്. സാല്‍മൊണല്ല അടക്കമുള്ള ബാക്‌ടീരയകളെക്കൂടി നശിപ്പിക്കാന്‍ തക്കാളിയുടെ നീരിന് സാധിക്കുമത്രേ (antibacterial properties of tomato).
അമേരിക്കന്‍ മൈക്രോബയോളജി സൊസൈറ്റിയുടെ മാഗസിനിലാണ് ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. ടൈഫോയ്‌ഡിന് കാരണമാകുന്ന ബാക്‌ടീരിയ ആണ് സാല്‍മൊണല്ല ടൈഫി. ഇവയടക്കം ശരീരത്തില്‍ കടന്ന് കയറുന്ന സൂക്ഷ്‌മ രോഗാണുക്കളെ നശിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് പ്രധാനമായും തങ്ങള്‍ പരിശോധിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ജെനോഗ് മിന്‍ സോങ് പറഞ്ഞു. കോര്‍ണല്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി ആന്‍ഡ് ഇമ്മ്യൂണോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം.
ആദ്യമായി തക്കാളി നീരിന് സാല്‍മൊണല്ല ബാക്‌ടീരിയയെ കൊല്ലാനാകുമോയെന്നാണ് തങ്ങള്‍ പരിശോധിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് സാധ്യമാകുമെന്ന് കണ്ടെത്തിയതോടെ തക്കാളിയിലെ ഏത് ഘടകമാണ് ഇവയെ നശിപ്പിക്കുന്നത് എന്നായി പഠനം. തക്കാളിയിലെ ചെറു പ്രോട്ടീന്‍ കണങ്ങളാണ് സാല്‍മൊണല്ലയെ നിഷ്ക്രിയമാക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. തക്കാളിയിലെ ഇത്തരം രണ്ട് തരം മാംസ്യ ഘടകങ്ങള്‍ സാല്‍മൊണല്ലയ്ക്കെതിരെ ഫലപ്രദമാണെന്നും കണ്ടെത്തി.