കണ്ണൂര്‍: കുടകിന്‍റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മലയാളികള്‍ കൂട്ടത്തോടെ മലകയറുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന കുടകിലെ വനഭംഗിക്കൊപ്പം വെള്ളച്ചാട്ടങ്ങളും സഞ്ചാരികള്‍ക്ക് പ്രിയമുളള കാഴ്‌ചകളാവുകയാണ്. കുടക് ഏറ്റവും സുന്ദരിയാകുന്നത് മഞ്ഞു കാലത്താണ്.
നിബിഢ വനങ്ങളുടെ പച്ചപ്പിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന കോടമഞ്ഞ് കുടകിനെ സ്‌കോട്ട്ലന്‍ഡിന് ഒപ്പമെത്തിക്കുന്നു. സ്‌കോട്ട്ലന്‍ഡിന് തുല്യമായ കാലാവസ്ഥയാണ് കുടകിനെന്ന് വിദേശ സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. വളഞ്ഞ് പുളഞ്ഞ് കയറ്റമുള്ള റോഡരികിലെ വനങ്ങളുടെ ഭംഗി ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഏറേയും എത്തുന്നത്.
വാഹനങ്ങളില്‍ നിന്ന് ഇറങ്ങി കാട്ടുചോലകളെ തഴുകി സഞ്ചാരികള്‍ കുടകിനെ അറിയുകയാണ്. ഇടതൂര്‍ന്ന വനങ്ങള്‍, മഞ്ഞ് മൂടിയ പ്രകൃതി ഭംഗി, ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ ഇതെല്ലാമാണ് കുടകിനെ സഞ്ചാരികളുടെ ഇഷ്‌ടയിടമാക്കുന്നത്. മഞ്ഞൊരുക്കുന്ന തണുപ്പും ഒപ്പമെത്തുന്ന കുളിര്‍ക്കാറ്റും സഞ്ചാരികളുടെ മനസിനെയും ശരീരത്തെയും മദിപ്പിക്കും.
കാവേരി ഉള്‍പ്പെടെയുള്ള മൂന്ന് നദികളുടെ സംഗമസ്ഥാനം ഭാഗമണ്ഡലവും തലക്കാവേരിയുമാണ് ഇപ്പോള്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങള്‍. കോടമഞ്ഞുള്ള ഏറ്റവും ഭംഗിയേറിയ ഇടമായി മാറിയിരിക്കയാണ് തലക്കാവേരി. അവിടെനിന്നുള്ള വിദൂര ദൃശ്യങ്ങളില്‍ കേരളത്തിന്‍റെ അതിര്‍ത്തി വരെ മഞ്ഞില്‍ കുളിച്ച നിലയില്‍ കാണാം.
കാവേരി നദിയുടെ ജന്മസ്ഥാനം എന്ന കീര്‍ത്തി കൂടി തലക്കാവേരിക്കുണ്ട്. സ്വര്‍ഗീയ അനുഭൂതി ലഭിക്കുന്ന ഇടം എന്ന് വിശേഷിപ്പിക്കുന്ന തലക്കാവേരി കുന്നുകള്‍ മഞ്ഞുകാലത്ത് വശ്യസൗന്ദര്യം അണിയുന്നു. വാഹനങ്ങളില്‍ സഞ്ചരിച്ചും ഇടക്ക് ഭംഗിയേറിയ സ്ഥലങ്ങളില്‍ താവളമാക്കിയും അവധി ദിനങ്ങള്‍ ആസ്വദിക്കാനെത്തുന്നവര്‍ നിരവധിയാണ്.