കേരളം

kerala

ETV Bharat / travel-and-food

കുഴിയും കുക്കറും വേണ്ട; വളരെ എളുപ്പത്തില്‍ രുചിയൂറും അറേബ്യന്‍ ചിക്കന്‍ മന്തി

അറേബ്യന്‍ സ്റ്റൈലിലൊരു ചിക്കന്‍ മന്തി വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ? സിമ്പിള്‍ റെസിപ്പി ഇതാ...

MANDHI MAKING IN COOKER  ARABIAN CHICKEN MANDI RECIPE  ചിക്കന്‍ മന്തി റെസിപ്പി  അറേബ്യന്‍ സ്‌പെഷല്‍ മന്തി
Arabian Chicken Mandi Recipe (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 3:29 PM IST

നോണ്‍ വെജ് വിഭവങ്ങള്‍ എന്നും എല്ലാവര്‍ക്കും ഏറെ ഇഷ്‌ടമാണ്. പ്രത്യേകിച്ചും കടല്‍ കടന്നെത്തിയ അറേബ്യന്‍ സ്‌പെഷലുകള്‍. അത്തരത്തിലൊരു വിഭവത്തിന്‍റെ റെസിപ്പിയാണിത്. അറേബ്യന്‍ സ്‌പെഷല്‍ ചിക്കന്‍ മന്തി. സാധാരണ കുഴിയെടുത്ത് അതില്‍ വച്ചാണ് മന്തി തയ്യാറാക്കുന്നത്. അത് കുഴിമന്തി. എന്നാല്‍ കുഴിയെടുക്കാതെ തന്നെ വീട്ടില്‍ അതേ രുചിയില്‍ മന്തി തയ്യാറാക്കം. വേഗത്തില്‍ തയ്യാറാക്കാവുന്ന മന്തിയുടെ റെസിപ്പി ഇതാ....

ആവശ്യമുള്ള ചേരുവകള്‍:

  • ബസുമതി അരി (വെള്ളത്തില്‍ കുതിര്‍ത്തത്)
  • ചിക്കന്‍
  • മാഗി ക്യൂബ്
  • കാപ്‌സിക്കം
  • പച്ചമല്ലി
  • കുരുമുളക്
  • ഡ്രൈ ലമണ്‍
  • സണ്‍ഫ്ലവര്‍ ഓയില്‍
  • മന്തി മസാല
  • മഞ്ഞള്‍പൊടി
  • മുളക്‌ പൊടി
  • മല്ലിപൊടി
  • ഇഞ്ചി
  • വെളുത്തുള്ളി
  • മല്ലിയില
  • ഉപ്പ്

മന്തി മസാല വീട്ടില്‍ തയ്യാറാക്കാം:

  • പച്ചമല്ലി
  • കുരുമുളക്
  • ചെറിയ ജീരകം
  • വലിയ ജീരകം
  • ഗ്രാമ്പൂ
  • കറുവപ്പട്ട
  • ഏലയ്‌ക്ക
  • വറ്റല്‍ മുളക്
  • ബേ ലീഫ് (കറുവയില)

(ഇവയെല്ലാം വറുത്ത് നന്നായി മിക്‌സിയില്‍ പൊടിച്ചെടുക്കാം. പുറത്ത് നിന്നും വാങ്ങിക്കുന്നതിനേക്കാള്‍ മണവും രുചിയും വീട്ടില്‍ തയ്യാറാക്കുന്ന ഈയൊരു മസാലയ്‌ക്ക് ഉണ്ടാകും.)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മന്തി തയ്യാറാക്കേണ്ടത് ഇങ്ങനെ:ചിക്കന്‍ കഴുകി വൃത്തിയാക്കി വെള്ളം ചോരാന്‍ വയ്‌ക്കണം. ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ട് ആവശ്യത്തിനുള്ള ഉപ്പ്, അല്‍പം മഞ്ഞള്‍ പൊടി, മുളക്‌ പൊടി, മല്ലിപൊടി, കാപ്‌സിക്കം അരിഞ്ഞത്, മാഗി ക്യൂബ്, ഡ്രൈ ലമണ്‍, ബേ ലീഫ്, പച്ചമല്ലി, പൊടിക്കാത്ത കുരുമുളക്, തയ്യാറാക്കിയിട്ടുള്ള മന്തി മസാല എന്നിവയിടുക. അതിലേക്ക് സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിക്കുക. (ആവശ്യമെങ്കില്‍ റെഡ് ഫുഡ്‌ കലര്‍ ചേര്‍ക്കാം). ഇവയെല്ലാം കൈ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. എന്നിട്ട് ഈ പാത്രം അടുപ്പില്‍ വച്ച് ചെറിയ തീയില്‍ അടച്ചുവച്ച് വേവിക്കുക. ഇടയ്‌ക്ക് പാത്രം തുറന്ന് ചിക്കന്‍ കഷണങ്ങള്‍ മറിച്ചിടാം. വളരെ വേഗത്തില്‍ തന്നെ ചിക്കന്‍ കഷണങ്ങള്‍ വേവായി കിട്ടും.

ആവശ്യത്തിന് വേവായാല്‍ ചിക്കന്‍ കഷണങ്ങള്‍ അതില്‍ നിന്നും എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതേ പാത്രത്തില്‍ ബസുമതി അരിയിട്ട് വേവിക്കാം. ഇതിനായി അരി അളന്നെടുത്ത പാത്രത്തില്‍ രണ്ട് പാത്രം വെള്ളമെടുത്ത് ചിക്കന്‍ വേവിച്ച പാത്രത്തിലേക്ക് അളന്ന് ഒഴിക്കാം. ഇതിലേക്ക് മാഗി ക്യൂബ്, ആവശ്യത്തിനുള്ള ഉപ്പ്, ഡ്രൈ ലമണ്‍, അല്‍പം മന്തി മസാല എന്നിവയിടുക. ശേഷം രണ്ട് സ്‌പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ അതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ച് വരുമ്പോള്‍ ബസുമതി റൈസ് ഇട്ട് മൂടിവയ്‌ക്കാം. ചെറിയ തീയിലാണ് അരി വേവിക്കേണ്ടത്. അരി വേവുമ്പോഴേക്കും ചിക്കനിലേക്ക് മറ്റൊരു മസാല തേച്ചുപിടിപ്പിക്കാം.

മന്തി മസാലയ്‌ക്കൊപ്പം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അല്‍പം നാരങ്ങ നീര്, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ മിക്‌സ് ചെയ്‌ത് (ആവശ്യമെങ്കില്‍ ഉപ്പ് മഞ്ഞള്‍ പൊടി, മുളക്‌ പൊടി, മല്ലി പൊടി ചേര്‍ക്കാം) ചിക്കനില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഇതൊന്ന് ചെറുതായി എണ്ണയില്‍ വറുത്തെടുക്കാം. പാനില്‍ അല്‍പം എണ്ണ ഒഴിച്ച് പുറം ഒന്ന് ക്രിസ്‌പ്പി ആകും വരെ മാത്രം വറുക്കുക. അപ്പോഴേക്കും അടുപ്പത്ത് വച്ച അരിയിലെ വെള്ളം വറ്റി തുടങ്ങിയിട്ടുണ്ടാകും. വറുത്തെടുത്ത ഈ കഷണങ്ങളെല്ലാം ചോറിലേക്ക് ഇറക്കിവയ്‌ക്കാം. അതോടൊപ്പം മറ്റൊരു ചെറിയ പാത്രത്തില്‍ ചാര്‍ക്കോള്‍ (ചിരട്ട കത്തിച്ചതുമാകാം) കത്തിച്ച് ഇട്ടതിന് ശേഷം അതിലേക്ക് അല്‍പം എണ്ണ ഒഴിക്കാം. പുകവരുമ്പോള്‍ വേഗം ചെറിയ പാത്രം ചോറിലേക്ക് ഇറക്കിവച്ച് ആവി പുറത്തേക്ക് പോകാത്ത വിധം പാത്രം മൂടിവയ്‌ക്കാം. ചിക്കനിലേക്ക് നന്നായി അരിയില്‍ നിന്നും ആവി കയറണം. അതോടൊപ്പം പുകയുടെ മണം കൂടി ആകുമ്പോള്‍ നല്ല റസ്റ്റോറന്‍റ് സ്റ്റൈല്‍ മന്തി റെഡിയാകും.

മന്തിയിലേക്കുള്ള സോസ് തയ്യാറാക്കാം:

ആവശ്യമുള്ള സാധനങ്ങള്‍:

  • തക്കാളി
  • വെളുത്തുള്ളി
  • സവാള
  • മല്ലിയില
  • വിനാഗിരി
  • പച്ചമുളക്
  • ഉപ്പ്

തയ്യാറാക്കേണ്ടതിങ്ങനെ: തക്കാളി, പച്ചമുളക്‌, വെളുത്തുള്ളി, സവാള, ഉപ്പ് എന്നിവ മിക്‌സിയുടെ ജാറിലിട്ട് ഒന്ന് കറക്കിയെടുക്കാം. നന്നായി അരയാതെ ശ്രദ്ധിക്കണം. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും വിനാഗിരിയും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചേര്‍ത്ത് ഇളക്കുക. ഇത് മന്തിക്കൊപ്പം വിളമ്പാം.

മയോണൈസ് തയ്യാറാക്കാം:

ആവശ്യമുള്ള സാധനങ്ങള്‍:

  • മുട്ട
  • സണ്‍ഫ്ലവര്‍ ഓയില്‍
  • വിനാഗിരി
  • വെളുത്തുള്ളി
  • ഉപ്പ്
  • കുരുമുളക് പൊടി

തയ്യാറാക്കേണ്ടതിങ്ങനെ: മുട്ടയും വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് മിക്‌സില്‍ നന്നായി അരക്കുക. നന്നായി അരച്ചതിന് ശേഷം ഇതിലേക്ക് അല്‍പം സണ്‍ഫ്ലവര്‍ ഓയില്‍ കൂടി ചേര്‍ത്ത് അടിക്കുക. മയോണൈസ് എത്രത്തോളം കട്ടിയുള്ളതാകണം അതിന് അനുസരിച്ച് വേണം എണ്ണ ചേര്‍ക്കാന്‍. കൂടുതല്‍ എണ്ണ ഒഴിക്കുമ്പോള്‍ അത് കട്ടി കൂടി വരും. അതിന് അനുസരിച്ച് വേണം എണ്ണ ചേര്‍ക്കാന്‍. അരച്ചെടുത്ത ഇതിലേക്ക് അല്‍പം വിനാഗിരിയും കുരുമുളക് പൊടിയും (അല്‍പം) ചേര്‍ത്ത് ഇളക്കുക.

Also Read:ഓവനും ഗ്രില്ലും വേണ്ട; വേഗത്തില്‍ തയ്യാറാക്കാം പെരിപെരി അല്‍ഫാം, റെസിപ്പി ഇതാ...

ABOUT THE AUTHOR

...view details