കേരളം

kerala

ETV Bharat / travel-and-food

കാഞ്ഞിരക്കൊല്ലിയില്‍ പ്രകൃതി ഒളിപ്പിച്ച വശ്യത; മഴയില്‍ ഉണര്‍ന്ന് അളകാപുരി വെള്ളച്ചാട്ടം - Alakapuri water falls - ALAKAPURI WATER FALLS

അളകാപുരി വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത് നിരവധി സഞ്ചാരികള്‍. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി എന്നീ സ്ഥലങ്ങള്‍ വഴി വെള്ളച്ചാട്ടത്തിലെത്താം. ടിക്കറ്റ് നിരക്കും തുച്ഛം.

MAJOR WATER FALLS KANNUR  MONSOON ATTRACTIONS IN KANNUR  കണ്ണൂരിലെ അളകാപുരി വെള്ളച്ചാട്ടം  MUST WATCH WATER FALLS IN KANNUR
Alakapuri water falls (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 5:11 PM IST

സഞ്ചാരികളെ മാടിവിളിച്ച് അളകാപുരി വെള്ളച്ചാട്ടം (ETV Bharat)

കണ്ണൂർ :പ്രണയത്തിന്‍റെ മധുരവും വിരഹത്തിന്‍റെ കണ്ണീരുപ്പും ഒരുപോലെ അറിഞ്ഞൊരിടം, ഗൃഹാതുരതയുടെ നുരയും പതയും സമ്മാനിക്കുന്ന ജലധാര. കണ്ണും മനസും നിറച്ച് അളകാപുരി അങ്ങനെ പരന്നൊഴുകുകയാണ്.

കേരള - കർണാടക അതിർത്തിയില്‍ കാഞ്ഞിരക്കൊല്ലിയില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് അളകാപുരി. വേനലില്‍ സമാധാനത്തിന്‍റെ പാതയിലാണെങ്കിലും കാലവര്‍ഷമെത്തിയാല്‍ അളകാപുരി രൗദ്രഭാവത്തിലേക്ക് മാറും. തുലാമഴ കഴിയുന്നതോടെ നൂലുപോലെ നേര്‍ത്ത് പാറക്കെട്ടുകളെ ചുംബിച്ച് ഒഴുകിയകലും.

മഴക്കാലമാണ് അളകാപുരിയെ കൂടുതല്‍ മനോഹരമാക്കുന്നത്. അപ്പോഴെത്തുന്ന സഞ്ചാരികളുടെ മനസില്‍ ഒരിക്കലും നിറം മങ്ങാത്ത ചിത്രമായി അളകാപുരി അങ്ങനെയങ്ങ് പതിഞ്ഞിട്ടുണ്ടാകും. ഏകദേശം 200 അടി ഉയരത്തില്‍ നിന്നാണ് പാറക്കെട്ടുകളിലൂടെ അളകാപുരി കുത്തനെ താഴേക്ക് പതിക്കുന്നത്. മഴയെത്തിയാല്‍ കണ്ണൂരിലെ ഏറ്റവും സുന്ദരമായ കാഴ്‌ചകളില്‍ ഒന്നുകൂടിയാണ് ഈ വെള്ളച്ചാട്ടം.

കുന്നത്തൂർ പാടി കഴിഞ്ഞ് കുത്തനെ പോയാല്‍ മീശക്കവലയില്‍ എത്താം. അവിടെ നിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക്. ഇവിടെയാണ് സഞ്ചാരികളെ കാത്ത് അളകാപുരി അണിഞ്ഞൊരിങ്ങി നില്‍ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയും നല്‍കി ടിക്കറ്റ് എടുത്താല്‍ തീർത്തും വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഈ വെള്ളച്ചാട്ടം കാണാം. കാമറ ഷൂട്ടുകള്‍ക്ക് പക്ഷേ 150 രൂപ നല്‍കണം. വിദേശികൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ 20 വര്‍ഷമായി കാഞ്ഞിരക്കൊല്ലി ഇങ്ങനെ സജീവമാണ്.

വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായതിനെ തുടർന്ന് ഒരേ സമയം നൂറിലേറെ ആളുകള്‍ക്ക് വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. അവധി ദിവസങ്ങളില്‍ 600 മുതല്‍ 700 വരെയും മറ്റ് ദിവസങ്ങളില്‍ 150 മുതല്‍ 200 വരെ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ഇവിടെ വന്നുപോകുന്നുണ്ട്.

അളകാപുരി വെള്ളച്ചാട്ടത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയന്‍റും വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ്. കണ്ണൂർ ഭാഗത്തുനിന്നും വരുന്നവർക്ക് കണ്ണൂർ, മയ്യിൽ, ശ്രീകണ്‌ഠാപുരം, പയ്യാവൂർ വഴിയും തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്നവർക്ക് വളക്കൈ, ശ്രീകണ്‌ഠാപുരം, പയ്യാവൂർ ചന്ദനക്കാംപാറ വഴിയും ഇരിട്ടിയിൽ നിന്ന് വരുന്നവർക്ക് ഇരിട്ടി, ഉളിക്കൽ, മണിക്കടവ് വഴിയും അളകാപുരി വെള്ളച്ചാട്ടത്തിലെത്താം.

Also Read: മഴക്കാലത്ത് 'അണിഞ്ഞൊരുങ്ങി' കാരക്കുണ്ട്; വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് - Karakkundu Water Falls

ABOUT THE AUTHOR

...view details