ഹൈദരാബാദ്: ഇഷ്‌ട്ട ഭക്ഷണങ്ങൾ മുൻകൂറായി ഓർഡർ ചെയ്യുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ഓർഡർ ഷെഡ്യൂളിങ് ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഭക്ഷണം ആവശ്യമുള്ള സമയത്തിന് 2 മണിക്കൂർ മുതൽ 2 ദിവസം മുൻപ് വരെ മുൻകൂട്ടി ഓർഡർ ചെയ്യാനാകും. പുതിയ ഫീച്ചർ വരുന്നതോടെ ഉപഭോക്താവ് പറയുന്ന സമയത്തിനനുസരിച്ച് ഭക്ഷണം സ്ഥലത്തെത്തും.
ഭക്ഷണം എപ്പോൾ വിതരണം ചെയ്യണമെന്ന് ഉപഭോക്താവിന് ഇഷ്‌ടാനുസരണം ക്രമീകരിക്കാനാകും. രാജ്യത്തെ 30 നഗരങ്ങളിലെ 35,000 റസ്റ്റോറൻ്റുകളിലാണ് ഈ സൗകര്യം നിലവിൽ ലഭ്യമാവുക. ഡൽഹി, ബെംഗളൂരു, മുംബൈ, പൂനെ, റായ്‌പൂർ, അഹമ്മദാബാദ് തുടങ്ങി നഗരങ്ങളിൽ ലഭ്യമാകും. മറ്റ് സ്ഥലങ്ങളിലേക്ക് ഈ ഫീച്ചർ പിന്നീട് വിപുലീകരിക്കാനാണ് സാധ്യത.
മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനാൽ പഴയ ഭക്ഷണം ലഭ്യമാകുമോ എന്ന ആശങ്കയുടെ ആവശ്യമില്ല. നിങ്ങളുടെ കയ്യിലെത്തുന്നതിന് കുറച്ച് സമയം മുൻപ് പാകം ചെയ്‌ത ഭക്ഷണം തന്നെയായിരിക്കും ലഭ്യമാകുക എന്നാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്‌ത ഭക്ഷണം ഷെഡ്യൂൾ ചെയ്‌ത സമയത്തിന് 3 മണിക്കൂർ മുൻപ് വരെ ക്യാൻസൽ ചെയ്യാനും സാധിക്കും.