ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി എക്‌സ് (X). തങ്ങളുടെ പോസറ്റ് ലൈക്ക് ചെയ്‌തത് ആരൊക്കെയെന്ന് ഇനി മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയ്യാം. ഇതിനായി 'പ്രൈവറ്റ് ലൈക്ക്‌സ്' അവതരിപ്പിച്ചതായി ഇലോണ്‍ മസ്‌ക് ഇന്നലെ (ജൂണ്‍ 12) അറിയിച്ചു.
ഇതിലൂടെ എക്‌സ് ഉപഭോക്താക്കളുടെ ലൈക്കുകള്‍ ഡിഫോള്‍ട്ടായി ഹൈഡ് ചെയ്യാവുന്നതാണ്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ പ്രൈവറ്റ് ലൈക്കുകളായിരിക്കും ഇനിയുണ്ടാവുക. നമ്മുക്ക് ലഭിക്കുന്ന ലൈക്കുകള്‍ മറച്ചുവയ്‌ക്കാന്‍ മാത്രമല്ല. മറിച്ച് നമ്മള്‍ മറ്റാരുടെയെങ്കിലും പോസ്‌റ്റിന് ലൈക്ക് അടിച്ചിട്ടുണ്ടെങ്കില്‍ അതും മറ്റാരും അറിയില്ല. അതേസമയം പോസ്‌റ്റിന് എത്ര ലൈക്കുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാനാകും.
ഉപഭോക്താക്കള്‍ക്ക് സ്വകാര്യമായും സ്വതന്ത്രമായും മറ്റുള്ളവരുടെ പോസ്‌റ്റുകള്‍ക്ക് ലൈക്ക് നല്‍കാന്‍ ഇതിലൂടെ കഴിയും. പോസ്‌റ്റുകള്‍ക്ക് ലൈക്ക് നല്‍കുന്നതിലൂടെ ചിലരെങ്കിലും സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്നാണ് മസ്‌ക് പറയുന്നത്. പോസ്‌റ്റുകള്‍ക്ക് ലൈക്ക് അടിച്ചതിന്‍റെ പേരില്‍ ആരും ആക്രമിക്കപ്പെടരുതെന്നും മസ്‌ക് ചൂണ്ടിക്കാട്ടി.
എക്‌സിലെ ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ പോവുകയാണെന്ന് കഴിഞ്ഞ മാസം എക്‌സ് എഞ്ചിനീയറിങ് ഡയറക്‌ടര്‍ ഹോഫേ വാങ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ പ്രതിച്‌ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരാൾക്ക് സ്വന്തം പോസ്‌റ്റിന് ലഭിക്കുന്ന ലൈക്കുകള്‍ കാണാനാകും. അവര്‍ക്ക് മാത്രമെ അവ കാണാന്‍ സാധിക്കൂ.
ലൈക്കുകള്‍ മറച്ചുവയ്‌ക്കാനുള്ള ഓപ്‌ഷന്‍ നേരത്തെ പണമടയ്‌ക്കുന്ന പ്രീമിയം അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറിലാണ് എക്‌സില്‍ ആ പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇന്നിപ്പോള്‍ അത് മുഴുവന്‍ അക്കൗണ്ടുകള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ്.
മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് നിരവധിയാളുകള്‍ പല പോസ്‌റ്റുകള്‍ക്ക് ലൈക്ക് അടിക്കാന്‍ മടിക്കാറുണ്ട്. ഇവയെല്ലാം മറ്റുള്ളവര്‍ കാണാതെയിരിക്കാനുള്ള സംവിധാനങ്ങളാണിപ്പോള്‍ എക്‌സില്‍ ലഭിക്കുന്നത്. ആരാണ് ലൈക്ക് ചെയ്‌തിട്ടുള്ളതെന്ന് അറിയാന്‍ സാധിക്കുകയുമില്ല. 2022ല്‍ മസ്‌ക് എക്‌സ് വാങ്ങിയതിന് പിന്നാലെ നിരവധ് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇതില്‍ വളരെ പ്രധാനപ്പെട്ട ഫീച്ചറാണ് 'പ്രൈവറ്റ് ലെക്ക്‌സ്'.
Also Read:അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി എക്‌സ്