ഹൈദരാബാദ്: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ എസ്‌യുവി ഔഡി Q7 ന്‍റെ ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 88.66 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്‍റെ എക്‌സ്-ഷോറൂം വില. ഡിസൈനിൽ മാറ്റം വരുത്തിക്കൊണ്ട്, മികച്ച ഇന്‍റീരിയറുമായാണ് പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ലഭ്യമാകും.
പുതിയ മോഡലുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി കമ്പനി ദിവസങ്ങൾക്ക് മുൻപ് പ്രീ-ബുക്കിങും ആരംഭിച്ചിരുന്നു. പുതിയ ഒഎൽഇഡി ഹെഡ്‌ലാമ്പുകളുള്ള കസ്റ്റമൈസ് ചെയ്യാവുന്ന സിഗ്നേച്ചർ ലൈറ്റുകൾ, കട്ടികൂടിയ ക്രോം സറൗണ്ടറോട് കൂടിയ ഫ്രണ്ട് ഗ്രിൽ, പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്‌ത ബമ്പറുകൾ തുടങ്ങിയവയാണ് ഫേസ്‌ലിഫ്റ്റ് മോഡലിൽ നൽകിയിരിക്കുന്ന പുതിയ ഫീച്ചറുകൾ.
2015ൽ അവതരിപ്പിച്ച നിലവിലെ ഔഡി Q7 മോഡലിൻ്റെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റാണിത്. അഞ്ച് കളർ ഓപ്‌ഷനുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. സാഖിർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നീ നിറങ്ങളിലാണ് ഔഡി Q7 ഫേസ്‌ലിഫ്റ്റ് മോഡൽ ലഭ്യമാവുക. സെഡാർ ബ്രൗൺ, സൈഗ ബീജ് എന്നീ കളർ ഓപ്‌ഷനുകളിലാണ് ഇന്‍റീരിയറുകൾ ലഭ്യമാകുക.
ക്യാബിനിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലും ഇൻസ്ട്രുമെൻ്റേഷനിലുമാണ് മറ്റ് ചില മാറ്റങ്ങൾ വരുത്തിയത്. പുതിയ ഫേസ്‌ലിഫ്‌റ്റ് പതിപ്പിന് ലെയ്‌ൻ ചേഞ്ച് മുന്നറിയിപ്പ് സംവിധാനത്തോടു കൂടിയ ഒരു വെർച്വൽ കോക്‌പിറ്റും ലഭിക്കും.
ഔഡി Q7 ഫേസ്‌ലിഫ്റ്റ് പതിപ്പിന്‍റെ എഞ്ചിൻ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 3.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ നൽകിയിരിക്കുന്നത്. 340 ബിഎച്ച്‌പി കരുത്തും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ എഞ്ചിനാണ് ഔഡി Q7 ന്‍റെ ഫേസ്‌ലിഫ്റ്റ് പതിപ്പിന് കരുത്തേകുന്നത്. 8 സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓഡിയുടെ ക്വാട്രോ എഡബ്ല്യുഡി സിസ്റ്റവുമാണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്.
5.6 സെക്കൻഡിനുള്ളിൽ 0-100 കിമീ/മണിക്കൂർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് സാധിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഉയർന്ന വേഗത. ബിഎംഡബ്ല്യൂ X5, മെഴ്‌സിഡസ് GLE, വോൾവോ XC90 എന്നിവയായിരിക്കും പുതുക്കിയ പതിപ്പിന്‍റെ വിപണിയിലെ എതിരാളികൾ. ഇവയേക്കാൾ ഏകദേശം 10 ലക്ഷം രൂപ കുറവാണ് ഔഡി ക്യു 7 ഫേസ്‌ലിഫ്‌റ്റ് പതിപ്പിൻ്റെ ഇന്ത്യയിലെ വില.
Also Read:
- ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
- അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇവി പതിപ്പുമായി ഹോണ്ട
- പൾസറിനെ വെല്ലുന്ന ഫീച്ചറുകൾ: ആരും കണ്ടാൽ മോഹിക്കും, സ്റ്റൈലിഷ് ലുക്കിൽ പുതിയ അപ്പാച്ചെയുമായി ടിവിഎസ്