ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് ലോകം നേടിയ ഉയർച്ചകളെ ആഘോഷിക്കാനാണ് എല്ലാ വർഷവും ഒക്‌ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശ വാരമായി ആഘോഷിക്കുന്നത്. 1957 ഒക്ടോബർ 4ന് സ്‌പുട്‌നിക് 1 വിക്ഷേപിച്ചതിന്‍റെയും 1967 ഒക്ടോബർ 10ന് ബഹിരാകാശ ഉടമ്പടി ഒപ്പുവെച്ചതിന്‍റെയും ഓർമയ്‌ക്കായാണ് ലോക ബഹിരാകാശ വാരാചരണം. ഓരോ വർഷവും വ്യത്യസ്‌ത വിഷയങ്ങളെ ആധാരമാക്കിയാണ് ബഹിരാകാശ വാരം ആചരിക്കുന്നത്.
'ബഹിരാകാശവും കാലവസ്ഥ വ്യതിയാനവും' എന്നതാണ് ഈ വർഷത്തെ വിഷയം. ഭൂമിയിലെ കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്നതിൽ ബഹിരാകാശ പര്യവേക്ഷണം വലിയ പങ്കുവഹിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെകുറിച്ച് വിവരം ലഭിക്കുന്നതിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ സ്വാധീനം എങ്ങനെയെന്നത് ആസ്‌പദമാക്കിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റ് സ്ഥാപനങ്ങളും, ബഹിരാകാശ ഏജൻസികളും ബഹിരാകാശ മേഖലയിൽ പൊതുജനങ്ങളിൽ താത്‌പര്യം വളർത്തുന്നതിനായി ശിൽപശാലകൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, കമ്മ്യൂണിറ്റി ഇവൻ്റുകൾ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ചരിത്രം:
മനുഷ്യ നിർമിതമായ ആദ്യ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക് 1 വിക്ഷേപിച്ചത് 1957 ഒക്‌ടോബർ 4നാണ്. ബഹിരാകാശ യുഗത്തിൻ്റെ തുടക്കമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സ്‌പുട്‌നിക് -1 വിക്ഷേപണം. പിന്നീട് 1967 ഒക്‌ടോബർ 10നാണ് ബഹിരാകാശ ഉടമ്പടി ഒപ്പുവച്ചത്. അന്താരാഷ്‌ട്ര ബഹിരാകാശ നിയമത്തിന് ചട്ടക്കൂട് സ്ഥാപിക്കുകയും സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ഉടമ്പടി. ഇതിന്‍റെ ഓർമയ്‌ക്കായാണ് എല്ലാ വർഷവും ഒക്‌ടോബർ 4 മുതൽ 10 വരെ ലോകമെമ്പാടും ബഹിരാകാശ വാരമായി കൊണ്ടാടുന്നത്. 1999ലാണ് ഐക്യരാഷ്‌ട്ര സംഘടന ബഹിരാകാശ വാരാഘോഷം പ്രഖ്യാപിച്ചത്.