ഹൈദരാബാദ്:ഉപഭോക്താക്കൾക്ക് വീഡിയോ കോളിൽ മികച്ച അനുഭവം നൽകാൻ പുതിയ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്. ടച്ച് അപ്പ് ഫീച്ചർ, ലോ ലൈറ്റ് മോഡ്, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ ഫീച്ചറുകൾ ലഭ്യമാകും. ഓരോ ഫീച്ചറുകളും, അവയുടെ ഉപയോഗവും, എങ്ങനെ ലഭ്യമാകുമെന്നും പരിശോധിക്കാം.
ലോ ലൈറ്റ് മോഡ്:
കുറഞ്ഞ വെളിച്ചത്തിൽ പോലും ഉപയോക്താക്കൾക്ക് വീഡിയോ കോൾ അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുന്നതാണ് ലോ ലൈറ്റ് മോഡ് ഫീച്ചർ. പരിമിതമായ വെളിച്ചമുള്ള സ്ഥലങ്ങളിലും, രാത്രി കോൾ ചെയ്യുമ്പോഴും ലോ-ലൈറ്റ് മോഡ് ഫീച്ചർ ഓൺ ചെയ്‌താൽ കൂടുതൽ വ്യക്തത ലഭിക്കും.
ലോ ലൈറ്റ് മോഡ് ഫീച്ചർ ലഭ്യമാകാനായി വീഡിയോ കോൾ ചെയ്യുമ്പോൾ സ്‌ക്രീനിൽ മുകളിൽ വലതു വശത്ത് കാണുന്ന ബൾബിന്‍റെ ആകൃതിയിലുള്ള ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ മതി. വീണ്ടും ഇതേ ഐക്കൺ അമർത്തിയാൽ ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കാനും സാധിക്കും.
ടച്ച് അപ്പ് ഫീച്ചർ:
വീഡിയോ കോളിൽ നിങ്ങളുടെ ചർമ്മം കൂടുതൽ മിനുസമുള്ളതും, മുഖം കൂടുതൽ ഭംഗിയുള്ളതുമാക്കി മാറ്റുന്നതിനുള്ളതാണ് ഈ ടച്ച് അപ്പ് ടൂൾ. വീഡിയോ കോൾ ചെയ്‌ത് സ്‌ക്രീനിൽ വരുന്ന മുഖംമൂടിയുടെ ഐക്കൺ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ടച്ച് അപ്പ് ടൂൾ ലഭ്യമാകും. വീണ്ടും ഇതേ ഐക്കൺ അമർത്തിയാൽ ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കാം.
ഫിൽട്ടർ ചേർക്കാനും ബാക്ക്ഗ്രൗണ്ട് മാറ്റാനും:
ഈ രണ്ട് ഫീച്ചറുകൾക്കും പുറമെ, വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനോ ഫിൽട്ടർ ചേർക്കാനോ നിങ്ങൾക്ക് സാധിക്കും. വീഡിയോ കോൾ കൂടുതൽ രസകരമാക്കുന്ന തരത്തിലുള്ളതാണ് ഈ പുതിയ അപ്‌ഡേഷൻ. കോൾ ചെയ്യുമ്പോൾ പശ്ചാത്തലം ബ്ലർ ചെയ്യാനും, പശ്ചാത്തലം മാറ്റി വാട്‌സ്‌ആപ്പിന്‍റെ ഡിഫോൾട്ട് ആയിട്ടുള്ള പശ്ചാത്തലങ്ങൾ ക്രമീകരിക്കാനും കഴിയും.
പല തരത്തിലുള്ള ഫിൽട്ടറുകൾ ചേർക്കുന്നതിനൊപ്പം നിലവിലുള്ള ബാക്ക്ഗ്രൗണ്ട് ബ്ലർ ചെയ്യാനും നിങ്ങൾക്ക് പുതിയ ഫീച്ചർ വഴി സാധ്യമാകും. നിങ്ങൾക്ക് നിൽക്കുന്ന സ്ഥലം തന്നെ മാറ്റുന്ന രീതിയിൽ പുതിയ ബാക്ക്ഗ്രൗണ്ട് ക്രമീകരിക്കാനും പുതിയ ഫീച്ചർ വഴി സാധിക്കും. കോഫി ഷോപ്പ്, ലിവിംഗ് റൂം എന്നിങ്ങനെ പല ബാക്ക്ഗ്രൗണ്ട് ഓപ്‌ഷനുകൾ ഇപ്പോൾ ലഭ്യമാണ്. ഫിൽട്ടർ ചേർക്കാനും ബാക്ക്ഗ്രൗണ്ട് മാറ്റാനുമായി വീഡിയോ കോൾ ചെയ്യുമ്പോൾ സ്‌ക്രീനിൽ താഴെ വലത് വശത്തായി വരുന്ന ഫിൽട്ടർ, ബാക്ക്ഗ്രൗണ്ട് ഓപ്‌ഷനുകൾ എടുത്ത് നിങ്ങളുടെ ഇഷ്‌ടാനുസരണം ക്രമീകരിക്കാവുന്നതാണ്.
10 ഫിൽട്ടറുകളും 10 ബാക്ക്ഗ്രൗണ്ടുമാണ് പുതിയ ഫീച്ചർ നൽകുന്നത്. ഫിൽട്ടർ ഓപ്ഷനുകളിൽ വാം, കൂൾ, ബ്ലാക്ക് & വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷെയ്, വിൻ്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോൺ എന്നിവയാണ് ഉള്ളത്. അതേസമയം ബാക്ക്ഗ്രൗണ്ട് ഓപ്ഷനുകളിൽ ലിവിംഗ് റൂം, ഓഫിസ്, കഫേ, പെബിൾസ്, ഫുഡി, സ്‌മൂഷ്, ബീച്ച്, സൺസെറ്റ്, സെലിബ്രേഷൻ, ഫോറസ്റ്റ് എന്നീ ഓപ്‌ഷനും ഇതിനു പുറമെ ബാക്ക്ഗ്രൗണ്ട് ബ്ലർ ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ട്.
വാട്‌സ്‌ആപ്പ് വീഡിയോ കോൾ കൂടുതൽ ആകർഷകവും രസകരവുമാക്കുന്നതിനൊപ്പം വ്യക്തിഗത ഇഷ്‌ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ സാധിക്കുന്നതാണ് ഈ ഫീച്ചറുകൾ.
Also Read: നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്‌സ്‌ആപ്പ് മെസേജ് അയക്കാം; ഇതാ ചില നുറുങ്ങുവിദ്യകൾ !