ഇന്ത്യൻ നമ്പറുകളിലേക്ക് വരുന്ന വ്യാജ ഫോൺ കോളുകളും മെസേജുകളും തടയുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കാനിരിക്കുന്ന പുതിയ നയം പ്രാബല്യത്തിൽ വരാൻ വൈകും. പുതിയ നിയന്ത്രണങ്ങൾ നവംബർ 1 മുതൽ നിലവിൽ വരുമെന്നായിരുന്നു ട്രായ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ ഡിസംബർ 1 വരെയാണ് സമയപരിധി നീട്ടിയത്.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണ അതോറിറ്റിയാണ് ട്രായ്. ഇന്ത്യൻ നമ്പറുകളിലേക്ക് വരുന്ന അനാവശ്യ കോളുകളും എസ്‌എംഎസുകളും തടയാനായി ടെലിമാർക്കറ്റിങ് സന്ദേശങ്ങൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാനാകണമെന്നായിരുന്നു ട്രായ് ടെലികോം കമ്പനികളെ അറിയിച്ചത്. എസ്എംഎസിലൂടെയും ഒടിപിയിലൂടെയും നടത്തുന്ന സൈബർ തട്ടിപ്പുകളെ തടയാൻ ലക്ഷ്യമിട്ടാണ് ട്രായ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.
പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ സർവീസുകളിൽ തടസമുണ്ടാകുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഡിസംബർ 1 വരെ സമയപരിധി നീട്ടിയത്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ വ്യാജ സന്ദേശങ്ങൾ തടയാനും ഒടിപികൾ സംരക്ഷിക്കാനും ഫോണിലേക്ക് ടെക്‌സ്‌റ്റ് സന്ദേശങ്ങളുടെ ഐഡന്‍റിറ്റി വിശകലനം ചെയ്യാനും സാധിക്കും.